അൻപതാം വയസ്സിൽ വീണ്ടും അച്ഛനായി പ്രഭുദേവ. 2020 സെപ്തംബറിൽ ലോക്ഡൗൺ സമയത്താണ് ബിഹാർ സ്വദേശിനിയും ഫിസിയോതെറാപിസ്റ്റുമായ ഹിമാനിയും പ്രഭുദേവയും വിവാഹിതരാകുന്നത്. കുഞ്ഞ് ഉണ്ടായ വാർത്ത പ്രഭുദേവ മാദ്ധ്യമങ്ങളുമായി പങ്കുവച്ചു. വാർത്ത സത്യമാണെന്നും അൻപതാം വയസ്സിൽ ഒരു കുഞ്ഞിന്റെ അച്ഛനായതിൽ സന്തോഷിക്കുകയാണെന്നും പ്രഭുദേവ പറയുന്നു.
‘അത് സത്യമാണ്. ഈ പ്രായത്തിൽ ഞാൻ വീണ്ടും അച്ഛനായി. ജീവിതത്തിന് ഏറെ സന്തോഷവും പൂർണ്ണതയും വന്നത് പോലെ തോന്നുന്നു. മകൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ജോലിഭാരവും കുറച്ചിരിക്കുകയാണ്. ഞാൻ ഒരുപാട് ജോലി ചെയ്യുന്നുണ്ടായിരുന്നു. ആകെ ഓട്ടമായിരുന്നു. അതെല്ലാം മതിയാക്കുകയാണ്. ഇനി കുടുംബത്തോടൊപ്പം കുറച്ച് സമയം ചെലവഴിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും” പ്രഭുദേവ പറയുന്നു.
പ്രഭുദേവയുടെ രണ്ടാം വിവാഹമാണ് ഇത്. 2011ലാണ് ആദ്യ ഭാര്യ റംലത്തുമായുള്ള ബന്ധം പിരിയുന്നത്. ഈ ബന്ധത്തിൽ പ്രഭുദേവയ്ക്ക് മൂന്ന് ആൺമക്കളാണ് ഉള്ളത്. അതിൽ മൂത്ത മകൻ അർബുദ രോഗത്തെ തുടർന്ന് പതിമൂന്നാം വയസ്സിൽ മരണമടഞ്ഞിരുന്നു.
Discussion about this post