കൊൽക്കത്ത: അദ്ധ്യാപക നിയമന അഴിമതി കേസിൽ ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞു മാറി തൃണമൂൽ നേതാവ് അഭിഷേക് ബാനർജി. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾ ചൂണ്ടിക്കാട്ടിയാണ് അഭിഷേക് ബാനർജി ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. അഴിമതി കേസിൽ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ആയിരുന്നു ഇഡി തൃണമൂൽ നോതാവിന് നോട്ടീസ് നൽകിയത്.
രാവിലെ 11 മണിയോടെ കൊൽക്കത്തയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ ആയിരുന്നു നിർദ്ദേശം. എന്നാൽ ഇതിന് തൊട്ട് മുൻപ് ചോദ്യം ചെയ്യലിന് എത്താൻ കഴിയില്ലെന്ന് ഇഡി ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ജൂലൈ എട്ടിന് നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി തിരക്കിലാണ്. ഈ സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് എത്തുക അസാദ്ധ്യം ആണെന്നായിരുന്നു അഭിഷേക് ബാനർജി നൽകിയ വിശദീകരണം.
നിലവിൽ വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് താൻ യാത്ര ചെയ്യുകയാണെന്ന് അഭിഷേക് ബാനർജി നൽകിയ കത്തിൽ പറയുന്നു. ഇതിന് പുറമേ ജൂലൈ എട്ടിന് നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകളും ഉണ്ട്. ഇതിനിടയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്നും കത്തിലുണ്ട്. ഈ സാഹചര്യത്തിൽ മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി വീണ്ടും നോട്ടീസ് നൽകും.
അതേസമയം ചോദ്യം ചെയ്യൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ഭയം മൂലമാണ് അഭിഷേക് ബാനർജി ഒഴിഞ്ഞു മാറിയത് എന്നാണ് സംശയിക്കുന്നത്. അഴിമതി കേസിൽ അഭിഷേകിന്റെ പങ്കിനെക്കുറിച്ച് ഇഡിയിക്ക് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
Discussion about this post