കൊച്ചി: ലഹരി ഇടപാടിൽ ബംഗളൂരുവിൽ അറസ്റ്റിലായ മലയാളികൾ ഉൾപ്പടെയുള്ള പ്രതികൾക്ക് സാമ്പത്തിക സഹായം നൽകി കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ ബിനീഷ് കോടിയേരി പ്രതിസ്ഥാനത്ത് തുടരും. പ്രതിപട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് നൽകിയ ഹർജി കോടതി തള്ളി. കേസിൽ നാലാം പ്രതിയായി തന്നെ ബിനീഷ് തുടരുമെന്ന് അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജഡ്ജി വ്യക്തമാക്കി.
ലഹരിക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് അനൂപിന് സാമ്പത്തിക സഹായം ചെയ്‌തെന്ന കണ്ടെത്തലിൽ 2020ൽ ആണ് ബിനീഷ് കോടിയേരി അറസ്റ്റിലായത്. എന്നാൽ ഈ കേസ് കെട്ടിച്ചമച്ചതാണെന്ന വാദം ആവർത്തിച്ചായിരുന്നു ബിനീഷ് പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ഹർജി നൽകിയത്. എന്നാൽ ബിനീഷിനെതിരെ അതീവ ഗുരുതരമായ നിരീക്ഷണങ്ങളുമായി ഹർജി കോടതി തള്ളിയത്.
ബിനീഷ് കോടിയേരിക്ക് ഒന്നാം പ്രതി മുഹമ്മദ് അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ചും കച്ചവടത്തെ കുറിച്ചും വ്യക്തമായ അറിവുണ്ടായിരുന്നെന്നാണ് കോടതി നിരീക്ഷണം. അനൂപും ബിനീഷും കൊക്കൈൻ ഉപയോഗിക്കുന്നത് നേരിട്ട് കണ്ടെന്ന രണ്ട് സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് കോടതി ഇക്കാര്യം ഉത്തരവിൽ വ്യക്തമാക്കുന്നത്.
ബിനീഷ് കോടിയേരിയുമായി ബന്ധമുള്ള കമ്മനഹള്ളിയിലെ റോയൽ സ്യൂട്ട് അപ്പാർട്മെന്റിൽ നിന്നാണ് എംഡിഎംഎ ഗുളികളുമായി അനൂപും മറ്റുള്ളവരും പിടിയിലാകുന്നത്. ഇതെല്ലാം അർത്ഥമാക്കുന്നത് ഒന്നാം പ്രതിയുടെ ലഹരി ഇടപാട് ബിസിനസ് സംബന്ധിച്ച് ബിനീഷിന് നേരെത്തെ അറിവുണ്ടായിരുന്നു എന്നാണെന്നും കോടതി വ്യക്തമാക്കി. ഒന്നാം പ്രതിയെ കുറ്റകൃത്യത്തിന് നാലാം പ്രതിയായ ബിനീഷ് സഹായിച്ചതിന് മതിയായ തെളിവുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹാജരാക്കിയിട്ടുണ്ടെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്.
എല്ലാമറിഞ്ഞുകൊണ്ട് തന്നെയാണ് ബിനീഷ് ഒന്നാം പ്രതി മുഹമ്മദ് അനൂപിന് പണം നൽകിയതെന്നും, ലഹരി ഇടപാടിനായിത്തന്നെയാണ് പണം നൽകിയതെന്നും സ്വാഭാവികമായും കോടതി സംശയിക്കുന്നു.അതല്ലെങ്കിൽ കൊടുത്ത പണത്തിന് എന്തെങ്കിലും രേഖയുണ്ടായേനെ. ആദായനികുതി വകുപ്പിന് റിട്ടേൺ നൽകിയതിൽ ഈ തുക കാണിച്ചിട്ടില്ലെന്നത് ബിനീഷിൻറെ നിരപരാധിത്വം തെളിയിക്കുന്നതല്ല.ലഹരിയിടപാടിൽ മുഹമ്മദ് അനൂപിനൊപ്പം ബിനീഷിന് എന്താണ് പങ്ക് എന്നതിൽ കോടതിക്ക് പ്രഥമദൃഷ്ട്യാ തന്നെ സംശയങ്ങളുണ്ട്.ലഹരിക്കടത്തിൽ പ്രതിയല്ല എന്നതുകൊണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിന്നും ഒഴിവാക്കണമെന്ന വാദം അംഗീകരിക്കാനാകില്ല. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻറെ നാലാം വകുപ്പ് അനുസരിച്ച് ബിനീഷ് നൽകിയ മൊഴികൾ പ്രകാരം തന്നെ കേസ് നിലനിൽക്കുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post