ന്യൂയോർക്ക്: 83 ാം വയസിൽ വീണ്ടും അച്ഛനായ സന്തോഷ വാർത്ത ആരാധകരോട് പങ്കുവച്ച് പ്രശസ്ത ഹോളിവുഡ് നടൻ അൽ പച്ചീനോ. 29 കാരിയായ കാമുകി നൂർ അൽഫലാ ആൺകുഞ്ഞിന് ജന്മം നൽകിയതായാണ് താരം ആരാധകരെ അറിയിച്ചത്. റോമൻ പച്ചീനോ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
മറ്റ് ബന്ധങ്ങളിൽ അൽ പച്ചീനോയ്ക്ക് മൂന്ന് കുട്ടികൾ വേറെയുണ്ട്.പച്ചീനോയുടെ മൂത്ത മകൾ ജൂലി മേരിയ്ക്ക് 33 വയസ്സാണ് പ്രായം. ജാൻ ടറന്റാണ് ജൂലി മേരിയുടെ അമ്മ. മുൻ കാമുകിയായ ബെവേർലി ഡി ആഞ്ചലോയിൽ 22 വയസ്സുള്ള ആന്റൺ, ഒലീവിയ എന്ന ഇരട്ടക്കുട്ടികളുമുണ്ട്.
അടുത്തിടെയാണ് അൽ പച്ചീനോ അച്ഛനാകുന്നുവെന്ന വാർത്ത ലോകമറിയുന്നത്. 82ാം വയസ്സിൽ താരം ഒരു കുഞ്ഞിനെ കാത്തിരിക്കുന്നുവെന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ‘ഇത് വളരെ സ്‌പെഷ്യലാണ്, കുഞ്ഞുണ്ടാകുന്നത് എന്നും സ്‌പെഷ്യൽ തന്നെയാണ്. എനിക്കും വേറേയും മക്കളുണ്ട്. പക്ഷേ ഇത് വളരേയേറെ സ്‌പെഷ്യൽ ആണെന്നായിരുന്നു കാമുകിയിൽ കുഞ്ഞുണ്ടാകുന്നതിനെ കുറിച്ചുള്ള താരത്തിന്റെ പ്രതികരണം.
ദ ഗോഡ്ഫാദർ പരമ്പരയിലെ മൈക്കേൽ കോർലിയോൺ, സ്‌കാർഫേസ് എന്ന ചിത്രത്തിലെ ടോണി മൊണ്ടാന, കാർലിറ്റോസ് വേ എന്ന ചിത്രത്തിലെ കാർലിറ്റോ ബ്രിഗാന്റെ, സെന്റ് ഓഫ് എ വുമൺ എന്ന ചിത്രത്തിലെ ലെഫ്റ്റനന്റ് കേണൽ ഫ്രാങ്ക് സ്ലേഡ്, ഏഞ്ചൽസ് ഇൻ അമേരിക്ക എന്ന ചിത്രത്തിലെ റോയ് കോഹ്ൻ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്ത കഥാപാത്രങ്ങൾ. 1992ൽ സെന്റ് ഓഫ് എ വുമൺ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അക്കാദമി പുരസ്‌കാരം ലഭിച്ചു. ഇതിനു മുൻപ് മറ്റു വേഷങ്ങൾക്കായി 7 തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.












