കോഴിക്കോട്: വനിതാ മാദ്ധ്യമ പ്രവർത്തകർക്ക് സ്ഥിരമായി അശ്ലീല കത്ത് അയച്ച കേസിൽ പ്രതി അറസ്റ്റിൽ. പാലക്കാട് ഹേമാംബിക നഗർ സ്വദേശി രാജഗോപാൽ (76) ആണ് അറസ്റ്റിലായത്. കോഴിക്കോട്ടെ മാദ്ധ്യമ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന വനിതാ മാദ്ധ്യമ പ്രവർത്തകയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്.
നടക്കാവ് പോലീസിന്റേതാണ് നടപടി. പരാതി ലഭിച്ചതിന് പിന്നാലെ കത്ത് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിൽ ഇയാൾ പാലക്കാട്ടെ ഒരു ലോഡ്ജിലാണ് താമസം എന്ന് വ്യക്തമായി. ഇതോടെ ഇവിടെയെത്തി രാജഗോപാലിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ഇയാളെ ജാമ്യത്തിൽവിട്ടു.
വർഷങ്ങളായി ഇയാൾ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മാദ്ധ്യമ പ്രവർത്തകർക്ക് അശ്ലീല കത്ത് അയക്കാറുണ്ടെന്നാണ് പോലീസ് പറയുന്നത്. പാലക്കാട് വനിതാ ജുഡീഷ്യൽ ഓഫീസർക്കും ഇയാൾ അശ്ലീല കത്ത് അയച്ചിട്ടുണ്ട്. ഇതിൽ ഇയാളെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post