മുംബൈ: ബോളിവുഡ് താരം സണ്ണി ഡിയോളിന്റെ മകൻ കരൺ ഡിയോൾ വിവാഹിതനായി. പ്രണയിനി ദിഷ ആചാര്യയെ മുംബൈയിൽ നടന്ന ചടങ്ങിലാണ് കരൺ വരണമാല്യം ചാർത്തിയത്. വിവാഹത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന മെഹന്തി ചടങ്ങും സംഗീതുമൊക്കെ ഇൻസ്റ്റഗ്രാമിൽ വൈറലായിരുന്നു.
കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ഐവറി ഷെർവാണിയായിരുന്നു കരണിന്റെ വിവാഹവേഷം. ചുവന്ന കളറിലുളള വിവാഹ വസ്ത്രമായിരുന്നു ദിഷ അണിഞ്ഞത്. ജീവിതത്തിന്റെ മനോഹരമായ യാത്രയുടെ ആരംഭം എന്ന കുറിപ്പോടെ കരൺ ഡിയോൾ വിവാഹ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കരണിന്റെ മുത്തച്ഛൻ ധർമേന്ദ്രയും അഭയ് ഡിയോളും ബോബി ഡിയോളും വിവാഹത്തിന് എത്തിയിരുന്നു. വേദിക്ക് സമീപം വിവാഹഘോഷയാത്രയിൽ നൃത്തച്ചുവടുകൾ വെയ്ക്കുന്ന ധർമേന്ദ്രയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
ചലച്ചിത്ര നിർമാതാവ് ബിമൽ റോയിയുടെ മകൾ റിങ്കി ഭട്ടാചാര്യയുടെ കൊച്ചുമകളാണ് ദിഷ. 2019 ൽ സണ്ണി ഡിയോൾ സംവിധാനം ചെയ്ത പാൽ പാൽ ദിൽ കെ പാസ് എന്ന ചിത്രത്തിലൂടെയാണ് കരൺ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 2021 ൽ പുറത്തിറങ്ങിയ വെല്ലെയും ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രേം ചോപ്ര ഉൾപ്പെടെയുളളവരും വിവാഹത്തിന് എത്തിയിരുന്നു.
Discussion about this post