ന്യൂഡൽഹി: പഞ്ചാബിലെ ധനകാര്യ സ്ഥാപനത്തിൽ നിന്ന് എട്ടുകോടി കവർന്ന കേസിൽ ദമ്പതിമാർ പോലീസ് പിടിയിൽ. പഞ്ചാബ് സ്വദേശികളായ ജസ്വീന്ദർ സിങ്, ഭാര്യ മൻദീപ് കൗർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തരാഖണ്ഡിലെ തീർത്ഥാടന കേന്ദ്രത്തിൽ നിന്നാണ് ഇരുവരേയും പിടികൂടിയത്.
ജൂൺ 10നാണ് ലുധിയാനയിലെ ക്യാഷ് മാനേജ്മെന്റ് സ്ഥാപനം കൊള്ളയടിച്ച് ഇവർ ഒളിവിൽ പോയത്. സുരക്ഷാ ജീവനക്കാരെ ആക്രമിച്ച് എട്ടുകോടി രൂപയാണ് അക്രമിസംഘം കൊള്ളയടിച്ചത്. നേപ്പാളിലേക്ക് രക്ഷപ്പെടുവാൻ ദമ്പതികൾ പദ്ധതിയിട്ടിരുന്നെങ്കിലും പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ ആ ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ ദമ്പതിമാർ തീരുമാനിച്ചു. ഹേമകുണ്ഡ് സാഹിബിൽ ദമ്പതികൾ ഉണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നെങ്കിലും ഇവരെ പിടിക്കുക എന്നത് പോലീസിന് വെല്ലുവിളിയായിരുന്നു. ഇവിടെ തീർത്ഥാടകർ മുഖം മറച്ചെത്തുന്നതും പോലീസിനെ വലച്ചു.
ദമ്പതികളെ തിരിച്ചറിയുന്നതിനായി പോലീസ് ഒരു തന്ത്രം കണ്ടെത്തുകയായിരുന്നു. ശീതളപാനിയം ഭക്തർക്ക് നൽകുന്നതിനായുള്ള കിയോസ്‌ക് സ്ഥാപിച്ചാണ് പോലീസ് കാത്തിരുന്നത്. ജ്യൂസ് കുടിക്കാനെത്തുന്നവർ മുഖാവരണം മാറ്റുന്നത് വഴി പ്രതികളെ കണ്ടുപിടിക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ.
കരുതിയത് പോലെ ഇരുവരും കിയോസ്‌കിലെത്തുകയും പാനീയം കുടിക്കാനായി മുഖാവരണം മാറ്റുകയും ചെയ്തു. ശേഷം ദമ്പതിമാരെ പൊലീസ് രഹസ്യമായി പിന്തുടർന്നു. പ്രാർത്ഥന പൂർത്തിയാക്കി ആരാധനാലയത്തിന് പുറത്തിറങ്ങുന്നതിന് പിന്നാലെയാണ് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
Discussion about this post