ന്യൂഡൽഹി: തന്റെ അമേരിക്കൻ സന്ദർശനം ഇന്ത്യ-യുഎസ് പങ്കാളിത്തം ഊട്ടി ഉറപ്പിക്കുന്നതിനുള്ള അവസരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള വെല്ലുവിളികളെ നേരിടാൻ ഇരു രാജ്യങ്ങളും ഒരുമിച്ച് നിൽക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. യുഎസ്, ഈജിപ്ത് സന്ദർശനത്തിന് മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
യുഎസ് പ്രസിഡന്റ് ജോസഫ് ബൈഡന്റെയും പ്രഥമ വനിത ജിൽ ബൈഡന്റെയും ക്ഷണപ്രകാരമാണ് താൻ യുഎസിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ആഴമാണ് ഇത് വ്യക്തമാക്കുന്നത്. അമേരിക്കൻ സന്ദർശനത്തിന് ശേഷം ഈജിപ്തിലേക്കാണ് പോകുന്നത്. സൗഹൃദപരമായ ഈ സന്ദർശനം തനിക്ക് വളരെ ആവേശം നൽകുന്നതാണെന്നും പ്രധാനമന്ത്രി പറയുന്നു.
ഇന്ന് പുലർച്ചെയാണ് പ്രധാനമന്ത്രി യുഎസിലേക്ക് പുറപ്പെട്ടത്. മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് ശേഷം അദ്ദേഹം ഈജിപ്തിലേക്ക് പോകും. പ്രസിഡന്റ് ബൈഡനുമായും മറ്റ് മുതിർന്ന യുഎസ് നേതാക്കളുമായും നടത്തുന്ന ചർച്ചകൾ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുമെന്നും ജി20, ക്വാഡ്, ഇന്തോ-പസഫിക് ഇക്കണോമിക് ഫ്രെയിംവർക്ക് ഫോർ പ്രോസ്‌പെരിറ്റി തുടങ്ങിയ കൂട്ടായ്മകളിലും അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറയുന്നു.
Discussion about this post