ന്യൂയോർക്ക്: ടെസ്ല സിഇഒയും ട്വിറ്റർ ഉടമയുമായ ഇലോൺ മസ്‌കുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂയോർക്കിൽ വച്ചായിരുന്നു കൂടിക്കാഴ്ച. താൻ മോദിയുടെ വലിയ ആരാധകനാണെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം മസ്‌ക് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. ‘പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നല്ലൊരു കൂടിക്കാഴ്ച നടത്തി. എനിക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ഞങ്ങളുടെ ഫാക്ടറി സന്ദർശിച്ചിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങൾ തമ്മിൽ നേരത്തെ അറിയാം. ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ആവേശം തോന്നുന്നു. ലോകത്തിലെ ഏത് വലിയ രാജ്യത്തേക്കാളും കൂടുതൽ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും വച്ചാണ് ഇന്ത്യ മുന്നേറുന്നത്.
‘പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യയുടെ കാര്യങ്ങളിൽ കൃത്യമായ ലക്ഷ്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ നിക്ഷേപം നടത്താൻ അദ്ദേഹം ഞങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. നിക്ഷേപങ്ങൾ നടത്താൻ ഞാനും ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഞങ്ങളുടേത് പോലുള്ള കമ്പനികൾക്ക് പിന്തുണ നൽകാൻ അദ്ദേഹം ആഗ്രഹിക്കുന്നു. അത് തീർച്ചയായും ഇന്ത്യയുടെ ഉയർച്ചയ്ക്ക് വേണ്ടിയാണ്.
സൗരോർജ്ജ നിക്ഷേപത്തിന് മികച്ച സ്ഥലമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. എന്തായാലും അടുത്തവർഷത്തോടെ ഇന്ത്യ സന്ദർശിക്കാനുള്ള എല്ലാ പദ്ധതികളും തയ്യാറാക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ ടെസ്ലയുടെ ഫാക്ടറി ഇന്ത്യയിലെ സ്ഥാപിക്കുന്നതിനുള്ള ശ്രമം നടത്തുമെന്നും” മസ്‌ക് പറഞ്ഞു. 2015ൽ കാലിഫോർണിയയിലെ ടെസ്ല മോട്ടോഴ്സ് ഫാക്ടറി സന്ദർശിച്ചപ്പോഴാണ് പ്രധാനമന്ത്രിയും ഇലോൺ മസ്‌കും ആദ്യമായി കൂടിക്കാഴ്ച നടത്തിയത്.
Discussion about this post