ലോകം കണ്ട അത്യാഡംബര കപ്പലുകളിലൊന്നായ ടൈറ്റാനിക്കിനെ കുറിച്ച് എത്രപറഞ്ഞാലും മതിവരില്ല. ആദ്യയാത്ര തന്നെ ലോകം കണ്ട ഏറ്റവും വലിയ കപ്പല്‍ ദുരന്തമായി മാറിയപ്പോള്‍ ടൈറ്റാനിക് ഒരു നിഗൂഢതയായി അവശേഷിച്ചു. ആ നിഗൂഢയതിലേക്ക് ഊളിയിടാനുള്ള അവസരങ്ങളൊന്നും മനുഷ്യര്‍ ഒഴിവാക്കാറില്ല. സിനിമയായും കഥകളായുമെല്ലാം ടൈറ്റാനിക് വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടു. അവയെല്ലാം ഇരുകൈകളും നീട്ടി ആളുകള്‍ സ്വീകരിച്ചു.
കടലിന്റെ അടിത്തട്ടില്‍ നങ്കൂരമിട്ട ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ ഒരു അവസരം കിട്ടിയാല്‍ എങ്ങനെയിരിക്കും. അങ്ങനെയൊരു അവസരം ആളുകള്‍ക്ക് നല്‍കിയ ഒരു അന്തര്‍വാഹിനിയായിരുന്നു ടൈറ്റന്‍. അതിനായി അവര്‍ ഈടാക്കിയിരുന്നത് 2.02 കോടി രൂപ ആയിരുന്നു. പക്ഷേ വളരെ ആകസ്മികമായി തോന്നാം, ടൈറ്റാനിക്കിന്റെ ഗതി തന്നെ ടൈറ്റനും വന്നു-ദുരന്തപര്യവസായിയായ ടൈറ്റാനിക്കിനെ തേടി പോയ ടൈറ്റന്‍ അറ്റ്‌ലാന്റിക്കില്‍ കാണാതായി.
ഞായറാഴ്ച യാത്രയാരംഭിച്ച് ഒരു മണിക്കൂര്‍ 45 മിനിറ്റിന് ശേഷം ടൈറ്റനുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നാണ് അമേരിക്കന്‍ തീരസേന പറയുന്നത്. അഞ്ചുപേരാണ് ടൈറ്റനില്‍ ഉണ്ടായിരുന്നത്. അന്തര്‍വാഹിനി കണ്ടെത്താന്‍ ഊര്‍ജ്ജിതമായ തിരച്ചിലാണ് നോര്‍ത്ത് അറ്റ്‌ലാന്റിക്കില്‍ നടക്കുന്നത്. ഒരു ദിവസത്തിനിപ്പുറവും ടൈറ്റനെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ അന്തര്‍വാഹിനിയില്‍ അടിയന്തര ആവശ്യത്തിനുള്ള ഓക്‌സിജന്‍ കുറഞ്ഞത് 70 മണിക്കൂര്‍ നിലനില്‍ക്കുമെന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല.
എന്താണ് ടൈറ്റന്‍ അന്തര്‍വാഹിനി
ഗവേഷണ, സര്‍വ്വേ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള അന്തര്‍വാഹിനി ആണ് ടൈറ്റന്‍. ഒരു പൈലറ്റും മറ്റ് അംഗങ്ങളും കൂടി അഞ്ചുപേരെയാണ് അതില്‍ ഉള്‍ക്കൊള്ളുക. ഇവര്‍ പുരാവസ്തു ഗവേഷകരോ മറൈന്‍ ബയോളജിസ്റ്റുകളോ ആകാം. കൂടാതെ, കയ്യില്‍ പണമുണ്ടെങ്കില്‍ ടൂറിസ്റ്റുകള്‍ക്കും ടൈറ്റനില്‍ ഒരു യാത്ര നടത്താം. സീറ്റൊന്നിന് 250,000 ഡോളര്‍, അതായത് ഏകദേശം 2.02 കോടി രൂപയാണ് ഫീസ്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ അടുത്തുകാണാനുള്ള അവസരമാണ് അതിലൂടെ ടൂറിസ്റ്റുകള്‍ക്ക് ലഭിക്കുക. എട്ട് ദിവസത്തെ യാത്രയാണ് ഇതിന് വേണ്ടിവരുന്നത്.
മനുഷ്യരെ വഹിക്കാൻ ശേഷിയുള്ള ടൈറ്റൻ ഒരു സൈക്ലോപ്സ് വിഭാഗത്തിൽ വരുന്ന അന്തർവാഹിനിയാണ്.. സമുദ്രാന്തര്‍ ഭാഗത്തെ സര്‍വ്വേയ്ക്കും പരിശോധനകള്‍ക്കും ഗവേഷണത്തിനും വിവരശേഖരണത്തിനും സിനിമ, മീഡിയ ചിത്രീകരണത്തിനും ഹാര്‍ഡ് വെയറുകളുടെയും സോഫ്റ്റ് വെയറുകളുടെയും ആഴക്കടലിനുള്ളിലെ പരിശോധനയ്ക്കുമായി ആളുകളെ 13,123 അടി ആഴത്തിലേക്ക് കൊണ്ടുപോകാന്‍ ടൈറ്റന് സാധിക്കുമെന്ന് ആഴക്കടല്‍ പര്യവേക്ഷണങ്ങള്‍ക്കായി സമുദ്ര യാത്രകള്‍ക്ക് സൗകര്യമൊരുക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് പറയുന്നു.
കാര്‍ബണ്‍ ഫൈബറും ടൈറ്റാനിയവും കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ടൈറ്റന് 22 അടി നീളവും ഏതാണ്ട് 10,432 കിലോഗ്രാം ഭാരവുമുണ്ട്. മണിക്കൂറില്‍ 5.56 കിലോമീറ്റര്‍ വരെ വേഗതയല്‍ ഈ അന്തര്‍വാഹിനിക്ക് സഞ്ചരിക്കാനാകും. ക്യാമറ, ലൈറ്റ്, സ്‌കാനറുകള്‍ അടക്കം പര്യവേക്ഷണത്തിന് വേണ്ട എല്ലാ സജ്ജീകരണളും ടൈറ്റനിലുണ്ട്.
കടലില്‍ ഇത്രയധികം ആഴത്തിലേക്ക് ആളുകളെ കൊണ്ടുപോകുന്ന ഏറ്റവും വലിയ അന്തര്‍വാഹിനിയാണ് ടൈറ്റനെന്നും ആഴക്കടലിന്റെ ഏറ്റവും വ്യക്തവും സുന്ദരവുമായ കാഴ്ചയാണ് ടൈറ്റന്‍ നല്‍കുന്നതെന്നും ഓഷ്യന്‍ഗേറ്റ് അവകാശപ്പെടുന്നു. ദൈനംദിന ജീവിതത്തില്‍ നിന്നും ഒളിച്ചോടി അസാധാരണമായ ചില കാഴ്ചകള്‍ കണ്ടെത്താനുള്ള അവസരമെന്നാണ് ഓഷ്യന്‍ഗേറ്റ് ടൈറ്റാനിക് അവശിഷ്ടങ്ങള്‍ തേടിയുള്ള യാത്രയെ വിശേഷിപ്പിക്കുന്നത്.
തിരച്ചിലുകള്‍ക്കൊടുവില്‍ ടൈറ്റനെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ലോകം. 96 മണിക്കൂര്‍ നേരത്തേക്കുള്ള ഓക്‌സിജന്‍ ടൈറ്റനിലുണ്ട്. പക്ഷേ വ്യാഴാഴ്ച രാവിലെയോടെ ഇത് തീരും.
ടൈറ്റനിൽ ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാൻ യാത്രതിരിക്കും മുമ്പ് യാത്രികരിലൊരാളായ ബ്രിട്ടീഷ് ശതകോടീശ്വരനും എക്സ്പ്ലോററുമായ ഹമീഷ് ഹർഡിംഗ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ്.
Discussion about this post