ന്യൂഡൽഹി/ കണ്ണൂർ: തെരുവ് നായയുടെ കടിയേറ്റ് കണ്ണൂരിൽ ദിവ്യാംഗനായ കുട്ടി മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീംകോടതി. കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു സംഭവം ദൗർഭാഗ്യകരമെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടത്. ഹർജി അടുത്ത മാസം 12 ന് കോടതി വീണ്ടും പരിഗണിക്കും.
തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അക്രമകാരികളായ നായ്ക്കളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഇത് പരിഗണിക്കുന്നതിനിടെ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പി.പി ദിവ്യയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കുട്ടിയുടെ മരണത്തെക്കുറിച്ച് കോടതിയെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് കോടതി സംഭവം ദൗർഭാഗ്യകരമെന്ന് പ്രതികരിച്ചത്.
ഹർജിയിൽ കോടതി കേന്ദ്രത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. അടുത്ത മാസം ഏഴിനുള്ളിൽ നോട്ടീസിൽ മറുപടി നൽകാനാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. ഇത് കൂടി പരിഗണിച്ചുകൊണ്ടാകും 12 ന് ഹർജിയിൽ കോടതി അന്തിമ വിധി പുറപ്പെടുവിക്കുക.
മുഴുപ്പിലങ്ങാട് സ്വദേശിയായ നിഹാൽ നൗഷാദ് എന്ന 11 കാരനാണ് തെരുവ് നായയുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടത്. കുട്ടിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു. ഈ തിരച്ചിലിലാണ് കുട്ടിയെ മരിച്ച നിലയിൽ വീടിന് സമീപത്ത് നിന്നും കണ്ടത്.
Discussion about this post