ഈ വർഷത്തെ വേൾഡ് എയർലൈൻ അവാർഡിൽ കഴിഞ്ഞ വർഷത്തേക്കാൾ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി വിസ്താര. ലോകമെമ്പാടുമുള്ള മികച്ച എയർലൈനുകളിൽ 16ാം സ്ഥാനത്തുള്ള വിസ്താര, ടാറ്റ സൺസിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമാണ്. ഏറ്റവും മികച്ച 20 എയർലൈനുകളുടെ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. തുടർച്ചയായ രണ്ടാം വട്ടമാണ് വിസ്താര ഈ പട്ടികയിൽ ഇടം നേടുന്നത്. 100ലധികം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കുന്നത്.
പട്ടികയിൽ ഇടം നേടുന്ന ഏക ഇന്ത്യൻ വിമാനക്കമ്പനിയാണിത്. ദക്ഷിണേഷ്യയിലേയും ഇന്ത്യയിലേയും ഏറ്റവും മികച്ച എയർലൈൻ എന്ന പദവിയും വിസ്താര സ്വന്തമാക്കിയിട്ടുണ്ട്. മൂന്നാം വട്ടമാണ് ഈ ഇന്ത്യയിലെ ഏറ്റവും മികച്ച എയർലൈൻ പദവി വിസ്താരയെ തേടി എത്തുന്നത്.ഇന്ത്യയില്‌യും ദക്ഷിണേഷ്യയിലേയും മികച്ച എയർലൈൻ സ്റ്റാഫ് എന്ന നേട്ടവും വിസ്താര സ്വന്തമാക്കിയിട്ടുണ്ട്. തുടർച്ചയായ അഞ്ചാം വട്ടമാണ് ഈ നേട്ടം. ഇന്ത്യയിലേയും ദക്ഷിണേഷ്യയിലേയും മികച്ച ബിസിനസ് ക്ലാസ് എയർലൈനെന്ന നേട്ടവും വിസ്താര നേടി.
ഏഷ്യയിലെ ഏറ്റവും മികച്ച എയർലൈനുകളുടെ പട്ടികയിൽ വിസ്താരയ്ക്ക് എട്ടാം സ്ഥാനമാണുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ ക്യാബിൻ ക്രൂ പട്ടികയിൽ 20ാം സ്ഥാനവും, ലോകത്തിലെ ഏറ്റവും മികച്ച ഇൻഫ്‌ലൈറ്റ് എന്റർടൈൻമെന്റ് എന്ന വിഭാഗത്തിൽ 19ാം സ്ഥാനവും വിസ്താര നേടി.








