ഇസ്ലാമാബാദ് : കോളേജുകളിലെയും സർവകലാശാലകളിലെയും ഹോളി ആഘോഷത്തിന് നിരോധനമേർപ്പെടുത്തി പാകിസ്താൻ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ. ‘സാമൂഹ്യ സാംസ്‌കാരിക മൂല്യങ്ങൾ’ പാലിക്കുന്നതിനായി വിദ്യാർത്ഥികൾ ഹോളി ആഘോഷിക്കുന്നത് വിലക്കുന്നുവെന്ന് കമ്മീഷൻ നോട്ടീസിൽ വ്യക്തമാക്കി. ഹോളി ഇസ്ലാമിന്റെ പവിത്രത ഇല്ലാതാക്കുന്നു എന്ന് ആരോപിച്ചാണ് നിറങ്ങളുടെ ആഘോഷം നിരോധിച്ചത്.
ജൂൺ 12 ന് ഖ്വായ്ദ് ഇ അസം സർവകലാശാലയിൽ വിദ്യാർത്ഥികൾ ഹോളി ആഘോഷിച്ചിരുന്നു. ഇതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു. തുടർന്നാണ് ഉന്നത വിദ്യാഭ്യാസ കമ്മീഷൻ നടപടി. ഇത്തരം ആഘോഷങ്ങൾ രാജ്യത്തിന്റെ സാമൂഹിക സാംസ്‌കാരിക മൂല്യങ്ങളെ പൂർണമായും ഇല്ലാതാക്കി. രാജ്യത്തിന്റെ ഇസ്ലാമിക സ്വത്വത്തെ നശിപ്പിക്കുകയാണ് ഇതിലൂടെചെയ്യുന്നത് എന്നും നോട്ടീസിൽ പറയുന്നു.
ഖ്വായ്ദ് ഇ അസം സർവകലാശാലയിൽ നടന്ന ആഘോഷം പാകിസ്താന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും പറയുന്നുണ്ട്. ഇത്തരം പരിപാടികൾ നടത്തുന്നതിൽ നിന്ന് സ്വയം വിട്ടുനിൽക്കാൻ വിദ്യാർത്ഥികളോട് നിർദ്ദേശിക്കുന്നു. പാഠ്യേതര പ്രവർത്തനങ്ങളോടൊപ്പം അക്കാദമിക് കാര്യങ്ങൾ, ബൗദ്ധിക സംവാദങ്ങൾ എന്നിവയിലും വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുക്കണമെന്നും നിർദ്ദേശിക്കുന്നുണ്ട്.
Discussion about this post