ന്യൂയോർക്ക്: തനിക്ക് യുഎസിൽ ലഭിച്ച ഗംഭീര സ്വീകരണം 140 കോടി ഇന്ത്യക്കാർക്കുള്ള അംഗീകാരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ അർപ്പണവും, പരിശ്രമവും ഇന്ത്യയുടെ യശസ്സ് ഉയർത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ശക്തമായ അടിത്തറ ഇന്ത്യൻ സമൂഹമാണ്. വൈവിധ്യങ്ങളിൽ അഭിമാനിക്കുന്നവരാണ് ഇന്ത്യാക്കാർ.ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവ നിലനിൽക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
” 30 വർഷങ്ങൾക്ക് മുൻപ് ഞാൻ അമേരിക്കയിൽ വന്നപ്പോൾ വൈറ്റ് ഹൗസ് പുറത്ത് നിന്നാണ് കണ്ടത്. ഇതാദ്യമായാണ് ഇത്രയധികം ഇന്ത്യാക്കാർക്ക് അതിഥേയത്വം അരുളാനായി വൈറ്റ് ഹൗസിന്റെ ഗേറ്റ് തുറക്കപ്പെടുന്നത്. ഇന്ത്യൻ സമൂഹം ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം നിലനിർത്തുന്നതിനുള്ള പാലമായി വർത്തിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ സമൂഹത്തിലെ ആളുകൾ തങ്ങളുടെ കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും യുഎസിൽ ഇന്ത്യയുടെ മഹത്വം ഉയർത്തുകയാണ്. ഞങ്ങളുടെ ബന്ധത്തിന്റെ യഥാർത്ഥ ശക്തി നിങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡിന് ശേഷമുള്ള കാലഘട്ടത്തിൽ, ലോകം ഒരു പുതിയ രൂപത്തിലാണ് സഞ്ചരിക്കുന്നത്. ഈ കാലയളവിൽ, ഇന്ത്യയും യുഎസും തമ്മിലുള്ള സൗഹൃദം ലോകത്തിന്റെ മുഴുവൻ ശക്തി വർദ്ധിപ്പിക്കുന്നതിന് സഹായകമാകും. ആഗോള നന്മയ്ക്കും സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും യുഎസും പ്രതിജ്ഞാബദ്ധരാണെന്ന് നരേന്ദ്രമോദി കൂട്ടിച്ചേർത്തു.









