കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബോംബ് പൊട്ടിത്തെറിച്ച് ഒരു മരണം. മൂന്ന് പേർക്ക് പരിക്കേറ്റു. മുർഷിദാബാദ് ജില്ലയിലെ ബേൽദംഗയിലായിരുന്നു സംഭവം.
കപസ്ദംഗ സ്വദേശി അലിം ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ അലിമിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അലിം. പ്രദേശത്തെ മാവിൻ തോപ്പിൽ ഇരുന്ന് അലിമും സംഘവും ബോംബുണ്ടാക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഇതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ മറ്റ് മൂന്ന് പേരും ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരെ പോലീസ് ചോദ്യം ചെയ്യും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ അറസ്റ്റ് ഉൾപ്പെടെ ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.
ഇതിനിടെ മുർഷാദാബാദിലെ തന്നെ റാണിനഗറിലുണ്ടായ ബോംബ് ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ചൊല്ലി പ്രദേശത്ത് കോൺഗ്രസ് പ്രവർത്തകരും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിനിടെയായിരുന്നു ബോംബേറ് ഉണ്ടായത്.
Discussion about this post