കെയ്‌റോ: ഇന്ത്യയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിച്ച് ഈജിപ്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈജിപ്ഷ്യൻ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗളിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളുടെയും സഹകരണം മെച്ചപ്പെടുത്തുന്ന തന്ത്രപ്രധാന വിഷയങ്ങൾ നേതാക്കൾ തമ്മിൽ ചർച്ച ചെയ്തു.
ഇന്നലെ വൈകീട്ടോടെയായിരുന്നു അമേരിക്കൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി ഈജിപ്തിൽ എത്തിയത്. കെയ്‌റോയിൽ എത്തിയ അദ്ദേഹത്തിന് ഈജിപ്ഷ്യൻ പ്രധാനമന്ത്രി ഊഷ്മള വരവേൽപ്പ് നൽകി. കെയ്‌റോയിലെ വട്ടമേശ യോഗത്തിന് ശേഷമായിരുന്നു ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ ചർച്ച നടത്തിയത്.
വ്യാപാരം, നയതന്ത്രം എന്നീ മേഖലകളിൽ ബന്ധം ദൃഢമാക്കുന്നതായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാ വിഷയം. ചർച്ചയ്ക്ക് ശേഷം ക്യാബിനറ്റ് അംഗങ്ങളെയും പ്രധാനമന്ത്രി കണ്ടു. ഇതിന് പിന്നാലെ ഈജിപ്തിലെ ഗ്രാൻഡ് മുഫ്തിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായാണ് നരേന്ദ്ര മോദി ഈജിപ്തിൽ എത്തിയിരിക്കുന്നത്. രാജ്യം സന്ദർശിക്കാൻ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൾ ഫത്താഹ് എൽ സിസി നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം എത്തിയത്.
Discussion about this post