കെയ്‌റോ : ഈജിപ്ത് സന്ദർശനം ചരിത്രപരമാണെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഇന്ത്യയും ഈജിപ്തും തമ്മിലുള്ള ബന്ധത്തിന് ഉന്മേഷം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ആളുകൾക്ക് അത് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഈജിപ്ത് സന്ദർശനത്തിന്റെ വീഡിയോ പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. നരേന്ദ്ര മോദി ഈജിപ്തിലെത്തുന്നതും പ്രധാനമന്ത്രി മൊസ്തഫ മദ്ബൗളിയെയും പ്രസിഡന്റ് അബ്ദുൾ ഫത്ത എൽ സിസിയെയും കാണുന്നതും ഇന്ത്യൻ വംശജരുമായി സംസാരിക്കുന്നതും വീഡിയോയിലുണ്ട്.
‘എന്റെ ഈജിപ്ത് സന്ദർശനം ചരിത്രപരമായ ഒന്നായിരുന്നു. ഇത് ഇന്ത്യ-ഈജിപ്ത് ബന്ധത്തിന് നവോന്മേഷം നൽകുകയും നമ്മുടെ രാജ്യങ്ങളിലെ ജനങ്ങൾക്ക് പ്രയോജനമാവുകയും ചെയ്യും. ഇജിപ്ത് പ്രസിഡന്റിനും സർക്കാരിനും അവിടുത്തെ ജനങ്ങളുടെ സ്‌നേഹത്തിനും ഞാൻ നന്ദി പറയുന്നു’ അദ്ദേഹം കുറിച്ചു.
‘പിരമിഡുകളിലേക്ക് എന്നെ അനുഗമിച്ചതിന് പ്രധാനമന്ത്രി മൊസ്തഫ മദ്ബൗളിക്ക് നന്ദി അറിയിക്കുന്നു. നമ്മുടെ രാഷ്ട്രങ്ങളുടെ സാംസ്‌കാരിക ചരിത്രങ്ങളെക്കുറിച്ചും വരും കാലങ്ങളിൽ ഈ ബന്ധം എങ്ങനെ ആഴത്തിലാക്കാം എന്നതിനെക്കുറിച്ചും ഞങ്ങൾ ചർച്ച നടത്തി” പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് നൈൽ’ തനിക്ക് സമ്മാനിച്ചതിന് ഈജിപ്ഷ്യൻ സർക്കാരിനും ജനങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു. തനിക്ക് ലഭിച്ച ബഹുമതി ഇന്ത്യയോടും രാജ്യത്തെ ജനങ്ങളോടും ഈജിപ്ത് പുലർത്തുന്ന ‘ഊഷ്മളതയും വാത്സല്യവുമാണ്’ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post