കായംകുളം: നിഖിലിന്റെ കള്ളസർട്ടിഫിക്കറ്റ് കണ്ടെടുത്തു. കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിൽ കായംകുളം എംഎസ്എം കോളേജിൽ സമർപ്പിച്ച ഡിഗ്രി സർട്ടിഫിക്കറ്റാണ് കണ്ടെടുത്തിരിക്കുന്നത്. വീട്ടിൽ നടത്തിയ റെയ്ഡിലാണ് കള്ളസർട്ടിഫിക്കറ്റ് കണ്ടെത്തിയത്. വ്യാജ മാർക്ക് ലിസ്റ്റും ഇതോടൊപ്പം കണ്ടെത്തിയിട്ടുണ്ട്. ബികോം ഫസ്റ്റ് ക്ലാസിൽ പാസായെന്നാണ് സർട്ടിഫിക്കറ്റിൽ പറഞ്ഞിരിക്കുന്നത്. പെട്ടന്ന് ഒളിവിൽ പോകേണ്ടി വന്നതിനാൽ നിഖിലിന് ഇത് ഒളിപ്പിക്കാനായിരുന്നില്ല.
കള്ളസർട്ടിഫിക്കറ്റ് ഉണ്ടാക്കിയ ഓറിയോൺ ഏജൻസിയിലും ഇന്ന് തെളിവെടുപ്പ് നടത്തിയേക്കുമെന്നാണ് വിവരം. ഈ സ്ഥാപനത്തിൽ നിന്ന് മുൻപും സമാനമായ രീതിയിൽ കള്ള സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി നൽകിയെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. കലിംഗ സർവ്വകലാശാലയുടെ പേരിൽ സമർപ്പിച്ച കള്ള സർട്ടിഫിക്കറ്റിൽ 65.73 ശതമാനം മാർക്കോടെ ഫസ്റ്റ് ക്ലാസിൽ ബികോം ജയിച്ചെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒന്നാം വർഷം 850ൽ 569 മാർക്കും, രണ്ടാം വർഷം 900ത്തിൽ 576 മാർക്കും മൂന്നാം വർഷം 850ൽ 584 മാർക്കും നേടിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം നിഖിൽ കായംകുളം എംഎസ്എം കോളേജിൽ എഴുതിയ ബികോം പരീക്ഷയിൽ ജയിച്ചത് ഒന്നാം സെമസ്റ്ററിൽ മാത്രമാണ്. ബാക്കി അഞ്ച് സെമസ്റ്ററിലും തോറ്റു. രണ്ട് തവണ എഴുതി ഡി ഗ്രേഡോഡെയാണ് എല്ലാ പേപ്പറും ജയിച്ചത്. ആറാമത്തെ സെമസ്റ്ററിൽ പ്രോജക്ടിന് മാത്രമാണ് ജയിച്ചത്. നിഖിലിന്റെ പ്ലസ്ടു ഫലവും അത്ര മെച്ചമല്ല. മൂന്ന് സി, രണ്ട് സി പ്ലസ്, ഒരു ബി ഗ്രേഡ് എന്നിങ്ങനെയാണ് 2017 മാർച്ചിലെ പ്ലസ്ടു പരീക്ഷാ ഫലം.












