തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി ഷെയ്ഖ് ദർവേഷ് സാഹിബിനെയും ചീഫ് സെക്രട്ടറിയായി ഡോ വി വേണുവിനെയും നിയമിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ചീഫ് സെക്രട്ടറി വി.പി.ജോയിയും ഡിജിപി അനിൽകാന്തും സർവീസിൽ നിന്ന് വിരമിക്കുകയാണ്. ഈ സ്ഥാനങ്ങളിലേക്കാണ് പുതിയ നിയമനം.ഫയർഫോഴ്സിന്റെ മേധാവിയായിരുന്നു ഷെയ്ക്ക് ദർവേഷ് സാഹിബ്.
നിലവിൽ ആഭ്യന്തരം, വിജിലൻസ്, പരിസ്ഥിതി എന്നിവയുടെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഡോ. വി വേണു.1990 ഐഎസ് ബാച്ച് ഓഫീസറാണ്. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ഭാര്യ.കേന്ദ്ര തൊഴിൽ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായിരുന്ന വാസുദേവപണിക്കരുടേയും കോഴിക്കോട് മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം പ്രൊഫസർ ഡോ. പി ടി രാജമ്മയുടേയും മകനാണ്.
1990 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് നിലവിൽ ഫയർ ആൻറ് റെസ്‌ക്യൂ വിഭാഗം ഡയറക്ടർ ജനറലാണ്.കേരള കേഡറിൽ എഎസ്പിയായി നെടുമങ്ങാട് സർവ്വീസ് ആരംഭിച്ച അദ്ദേഹം വയനാട്, കാസർഗോഡ്, കണ്ണൂർ, പാലക്കാട്, റെയിൽവേസ്, സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്.പിയായും എം.എസ്.പി, കെ.എ.പി രണ്ടാം ബറ്റാലിയൻ എന്നിവിടങ്ങളിൽ കമാണ്ടൻറ് ആയും പ്രവർത്തിച്ചു. ഗവർണറുടെ എ ഡിസിയായും ഐക്യരാഷ്ട്ര സഭയുടെ മിഷൻറെ ഭാഗമായി കൊസോവയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. എസ് പി റാങ്കിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും ജോലി നോക്കി.അമേരിക്കയിൽ നിന്ന് ഉൾപ്പെടെ നിരവധി പരിശീലനം നേടിയിട്ടുണ്ട്.എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പോലീസ് ആസ്ഥാനം, വിജിലൻസ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിലും കേരള പോലീസ് അക്കാഡമി ഡയറക്ടർ, ജയിൽ മേധാവി എന്നീ നിലകളിലും പ്രവർത്തിച്ചു.വിശിഷ്ടസേവനത്തിന് 2016 ൽ രാഷ്ട്രപതിയുടെ പോലീസ് മെഡലും സ്തുത്യർഹസേവനത്തിന് 2007 ൽ ഇന്ത്യൻ പോലീസ് മെഡലും ലഭിച്ചു. അതി ഉത്കൃഷ്ടസേവാ പഥക്, യുണൈറ്റഡ് നേഷൻസ് പീസ് കീപ്പിങ് മെഡൽ എന്നിവ നേടിയിട്ടുണ്ട്.ആന്ധ്രാപ്രദേശ് സ്വദേശിയാണ് ഷെയ്ഖ്.
Discussion about this post