തൃശൂര്‍ : ഭീകരസംഘടനായ ഐസിസില്‍ മലയാളിക്കും ബന്ധമുള്ളതായി സംശയം.തമിഴ്‌നാട് പോലീസ് ക്യൂ ബ്രാഞ്ച് പിടികൂടിയ മലപ്പുറം സ്വദേശി കുഞ്ഞുമുഹമ്മദിനാണ് ഐസിസ് ബന്ധമുണ്ടെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തിയത്. തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പിടികൂടിയ മലപ്പുറം സ്വദേശി കുഞ്ഞുമുഹമ്മദിന് ഐസിസ് ബന്ധമുണ്ടെന്ന വാര്‍ത്ത മംഗളം ദിനപത്രമാണ് റിപ്പോര്‍ട്ട ചെയ്തത്.
1998 ഫെബ്രുവരി 14നു 58 പേര്‍ മരിക്കാനിടയായ കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരക്കേസില്‍ പങ്കുണ്ടെന്നു പറയപ്പെടുന്ന കുഞ്ഞുമുഹമ്മദിനെ കഴിഞ്ഞദിവസമാണു ക്യൂബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി ചോദ്യം ചെയ്യലിനായി മൂന്നു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു.
സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന മുജീബുര്‍ റഹ്മാന്‍, നൂഹു, ടെയ്‌ലര്‍രാജ എന്നീ മലയാളികളെയും ക്യൂബ്രാഞ്ച് അന്വേഷിച്ചുവരികയാണ്.
സ്‌ഫോടനത്തിനു ശേഷം ഗള്‍ഫിലേക്കു കടന്ന കുഞ്ഞുമുഹമ്മദ് ബേക്കറി യന്ത്രങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്നു. ഗള്‍ഫിലെ താമസത്തിനിടെയാണ് ഇയാള്‍ ഐസിസുമായി ബന്ധം സ്ഥാപിച്ചതെന്ന് ഐ.ബിയുടെ പറയുന്നു. കുഞ്ഞുമുഹമ്മദ് എട്ടുമാസമായി കേരളത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. തടിയന്റവിട നസീര്‍ മുമ്പ് ഒളിവില്‍ താമസിച്ച കൊണ്ടോട്ടി പോലീസ് സ്‌റ്റേഷനു പിറകിലെ വീട്ടിലാണ് ആറുമാസത്തോളം കുഞ്ഞുമുഹമ്മദ് കഴിഞ്ഞത്. ഇവിടെ നിന്ന് ഒന്നര മാസം മുമ്പ് കോഴിക്കോട് പന്നിയങ്കരയിലുള്ള സ്വന്തം വീട്ടിലേക്കു താമസം മാറ്റുകയായിരുന്നു.
ഐസിസിന്റെ റിക്രൂട്ടിങ് കേന്ദ്രം തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ തൊണ്ടിയിലാണെന്നാണ് ഐ.ബിയുടെ കണ്ടെത്തല്‍. തൊണ്ടിയില്‍ റിക്രൂട്ട് നടത്തിയ 22 ഇന്ത്യക്കാര്‍ ഗള്‍ഫ് വഴി ഐസിസ് കേന്ദ്രത്തിലെത്തി പരിശീലനം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post