പ്ലാസ്റ്റിക് കുപ്പി വിഴുങ്ങിയ മൂർഖൻ പാമ്പിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. മംഗളൂരുവിലാണ് സംഭവം. ലിറ്റിൽ പാവ്‌സിൽ നിന്നുള്ള ഡോ. യശസ്വി നരവിയുടെ നേതൃത്വത്തിലുളള മൃഗഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തി പ്ലാസ്റ്റിക് കുപ്പി പുറത്തെടുത്തത്.
ദിവസങ്ങൾക്ക് മുൻപ് സ്‌നേക് റസ്‌ക്യൂവറായ പാമ്പ് കിരൺ ആണ് മൂർഖനെ അവശനിലയിൽ കണ്ടെത്തിയത്. 10 വയസ്സുള്ള പാമ്പ് മാളത്തിൽ കുടുങ്ങി കിടക്കുകയായിരുന്നു. പാമ്പിന്റെ ശരീരത്തിൽ വലിയ രണ്ട് മുറിവുകൾ ഉണ്ടായിരുന്നു. മൂർഖന്റെ വാൽ ഭാഗത്ത് അസാധാരണമാംവിധം വലിയ മുഴയും കണ്ടെത്തിയിരുന്നു. ഇത് കണ്ട് സംശയം തോന്നിയ കിരൺ പാമ്പിനെ ക്ലിനിക്കിൽ എത്തിക്കുകയായിരുന്നു.
തുടർന്ന് റേഡിയോഗ്രാഫിലൂടെ വാൽഭാഗത്തായി പ്ലാസ്റ്റിക് കുപ്പി കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തുകയായിരുന്നു. ഇതോടൊപ്പം മുട്ടത്തോടുകളും ഉണ്ടായിരുന്നു. ജനവാസമേഖലയിൽ നിന്ന് മുട്ടയോടൊപ്പം പ്ലാസ്റ്റിക് കുപ്പിയും വിഴുങ്ങിയതാകാം എന്നാണ് ഡോക്ടർമാർ പറയുന്നത്.
ജൂൺ 4 നാണ് അനസ്‌തേഷ്യ നൽകി മയക്കി കിടത്തിയതിന് ശേഷം ശസ്ത്രക്രിയ നടത്തി പ്ലാസ്റ്റിക് കുപ്പി പുറത്തെടുത്തത്. ശസ്ത്രക്രിയ കഴിഞ്ഞ് 15 ദിവസത്തോളം പാമ്പിനെ നിരീക്ഷിച്ചു. മുറിവ് പൂർണമായും ഉണങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മൂർഖനെ തുറന്നുവിട്ടത്.








