ശ്രീനഗർ: സൈനികരെ അധിക്ഷേപിച്ച് നടത്തിയ പരാമർശത്തിൽ പിഡിപി നേതാവ് മെഹബൂബ മുഫ്തിയ്‌ക്കെതിരെ പോലീസിൽ പരാതി. സാമൂഹ്യ പ്രവർത്തകൻ ബോധ് രാജ് ശർമ്മയാണ് പോലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പിഡിപി നേതാവിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
ട്വിറ്ററിലൂടെയായിരുന്നു മെഹബൂബ സൈന്യത്തെ അധിക്ഷേപിച്ച് പരാമർശം നടത്തിയത്. സൈനികർ മസ്ജിദിലേക്ക് അതിക്രമിച്ച് കയറി ഇസ്ലാമിക വിശ്വാസികളോട് ജയ് ശ്രീറാം മുഴക്കാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നായിരുന്നു മെഹബൂബ ട്വിറ്ററിൽ കുറിച്ചത്. ഇതിന് പിന്നാലെ സംഭവം വലിയ വാർത്തയാകുകയും ചർച്ചയാകുകയും ചെയ്തിരുന്നു. എന്നാൽ ഭീകരവാദ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് സൈന്യം മസ്ജിദിൽ എത്തിയതെന്ന സത്യാവസ്ഥ പുറത്തുവരികയായിരുന്നു. ഇതോടെ മെഹബൂബയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവും വിമർശനവും ഉയർന്നു. ഇതിന് പിന്നാലെ മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു തന്റെ ട്വീറ്റ് എന്ന വിശദീകരണവുമായി ഇവർ രംഗത്ത് എത്തുകയായിരുന്നു.
സംഭവത്തിൽ ഇന്നലെയായിരുന്നു ശർമ്മ പോലീസിൽ പരാതി നൽകിയത്. മെഹബൂബ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുകയാണെന്നും, പൊതുസമൂഹത്തിനിടയിൽ സൈന്യത്തോട് അവമതിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിട്ടുള്ളത്. ആളുകളിൽ പ്രകോപനം സൃഷ്ടിക്കുന്ന പരാമർശമാണ് മെഹബൂബ നടത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി കേസ് എടുക്കണം. മെഹബൂബയുടെ ആരോപണത്തിന് തെളിവില്ല. അമർനാഥ് യാത്രയുടെ പശ്ചാത്തലത്തിൽ ഇത്തരം പരാമർശങ്ങൾ മനപ്പൂർവ്വമാണ്. പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ശർമ്മ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
Discussion about this post