ബംഗളൂരു: അനുമതിയില്ലാതെ സിനിമാ ഗാനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കാൻ വിസമ്മതിച്ച് കർണാടക ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപേക്ഷ ഹൈക്കോടതി തള്ളി. ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് വേണ്ടി അനുമതിയില്ലാതെ കെജിഎസ് ചാപ്റ്റർ 2 ലെ ഗാനം ഉപയോഗിച്ചതിനാണ് രാഹുലിനെതിരെ കേസ് എടുത്തിട്ടുള്ളത്.
ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജി പരിഗണിച്ചത്. പകർപ്പവകാശ ലംഘനം നടന്നതായി വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് എം നാഗപ്രസന്ന കോൺഗ്രസ് നേതാക്കളുടെ അപേക്ഷ തള്ളിയത്. രാഹുലിന് പുറമേ ജയ്‌റാം രമേഷ്, സുപ്രിയ ശ്രിനത്തെ എന്നിവരും കേസിലെ പ്രതികളാണ്. സംഭവത്തിൽ യശ്വന്ത്പൂർ പോലീസാണ് കേസ് എടുത്തിട്ടുള്ളത്.
എംആർടി മ്യൂസിക് ആണ് അനുമതിയില്ലാതെ കെജിഎഫ് ചാപ്റ്റർ 2 ലെ ഗാനം ഉപയോഗിച്ചതിന് പോലീസിൽ പരാതി നൽകിയത്. ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി രണ്ട് വീഡിയോകളാണ് പാട്ട് ഉപയോഗിച്ച് കോൺഗ്രസ് നേതാക്കൾ തയ്യാറാക്കിയിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പകർപ്പവകാശ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതിൽ പകർപ്പവകാശ നിയമം, ഐടി നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
Discussion about this post