ജനീവ: സായുധ കലാപങ്ങൾക്കായി കുട്ടികളെ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ഇന്ത്യയെ നീക്കി യുഎൻ. സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടാറസാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രാജ്യം നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
ജമ്മു കശ്മീരിൽ സൈനികരെ ആക്രമിക്കാനും കലാപങ്ങൾക്കുമായി ഒരു കാലത്ത് വ്യാപകമായി കുട്ടികളെ വിനിയോഗിക്കാറുണ്ടായിരുന്നു. ഇതേ തുടർന്നാണ് രാജ്യത്തെ യുഎൻ പട്ടികയിൽപ്പെടുത്തിയത്. 2010 മുതൽ ഇന്ത്യ പട്ടികയിൽ തുടരുകയാണ്. വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പട്ടികയിൽ നിന്നും ഒഴിവാകാൻ രാജ്യത്തിന് കഴിഞ്ഞിട്ടുള്ളത്. ബുർക്കിന ഫസോ, കാമറൂൺ, ദി ലേക്ക് ചന്ദ് ബാസിൻ, നൈജീരിയ, പാകിസ്താൻ, ഫിലിപ്പൈൻസ് എന്നിവയാണ് യുഎന്നിന്റെ പട്ടികയിൽ ഉള്ള മറ്റ് രാജ്യങ്ങൾ.
കേന്ദ്രസർക്കാർ നടപ്പിലാക്കിയ നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ് ഇന്ത്യയെ യുഎന്നിന്റെ പട്ടികയിൽ നിന്നും എടുത്തു കളയുന്നതിലേക്ക് നയിച്ചത് എന്ന് ഗുട്ടാറസ് വ്യക്തമാക്കി. ജമ്മു കശ്മീരിലെ കുട്ടികൾക്ക് വേണ്ടി കഴിഞ്ഞ വർഷം നവംബറിൽ കേന്ദ്രസർക്കാർ ഒരു ശിൽപ്പശാല സംഘടിപ്പിച്ചിരുന്നു. ഇതിൽ യുഎൻ പ്രതിനിധികളും ഉണ്ടായിരുന്നു. ഇതേക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
കലാപങ്ങൾക്കും മറ്റുമായി കുട്ടികളെ ഉപയോഗിക്കുന്നത് തടയുന്നതിനായി ഇന്ത്യ നടത്തിയത് നിർണായക പ്രവർത്തനങ്ങളാണെന്ന് സെക്രട്ടറി ജനറൽ വിർജീനിയ ഗാംബയും അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷമായി കുട്ടികളുടെ അവകാശങ്ങളും മറ്റും സംരക്ഷിക്കുന്ന പ്രവർത്തനങ്ങളിൽ ഇന്ത്യയും യുഎന്നിനൊപ്പം പങ്കുചേരുന്നു. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിൽ വലിയ പ്രതിബദ്ധതയാണ് ഇന്ത്യയ്ക്കുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post