തിരുവനന്തപുരം: കൈതോലപ്പായയിലെ നോട്ട് കടത്തുമായി ബന്ധപ്പെട്ട ആരോപണത്തിൽ ദേശാഭിമാനി മുൻ പത്രാധിപ സമിതിയംഗം ജി. ശക്തിധരൻ പ്രത്യക്ഷത്തിൽ സിപിഎമ്മിനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ഇ.പി ജയരാജൻ. ഒരു നേതാവ് എന്ന് മാത്രമാണ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. ഫേസ്ബുക്ക് കുറിപ്പിൽ പാർട്ടിയെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും ഇപി ജയരാജൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ഇരുപത്തിയഞ്ചോ അൻപതോ കൊല്ലം മുൻപ് എന്തെങ്കിലും സംഭവിച്ചുവെന്ന് പറയുന്നതിൽ ഒരു അടിസ്ഥാനവുമില്ലാത്ത കാര്യമാണ്. സിപിഎമ്മിനെയോ ദേശാഭിമാനിയെയോ കുറ്റപ്പെടുത്തിയിട്ടില്ല. നേതാവ് ആരുമാകാം. അദ്ദേഹവും അത് പറയുന്നില്ല. അത് ഓരോരുത്തരും വ്യാഖ്യാനിച്ച് പോകുകയാണ്.
ശക്തിധരന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആർക്കും മനസിലാകും. ദേശാഭിമാനി അത്തരമൊരു സ്ഥാപനമാണെന്ന് കുറ്റപ്പെടുത്തിയിട്ടില്ല. അത് അദ്ദേഹം ജോലി ചെയ്ത സ്ഥാപനമാണ്. ഒരു ആക്ഷേപവും ആരുടെ മുൻപിലും ഉന്നയിച്ചിട്ടില്ല ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. ഇതെല്ലാം പരാതിയാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത് ചെയ്തിരിക്കുന്ന കുറ്റങ്ങൾ മറച്ചുപിടിക്കാനാണെന്നും ഇപി ജയരാജൻ പറയുന്നു. ദേശാഭിമാനിയുടെ മുൻ ചെയർമാൻ കൂടിയാണ് ഇപി ജയരാജൻ.
കഴിഞ്ഞ ദിവസമാണ് സൈബർ ആക്രമണത്തിൽ പൊറുതിമുട്ടി ജി ശക്തിധരൻ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തലുകൾ നടത്തിയത്. ഒരു സിപിഎം നേതാവ് കൊച്ചിയിൽ താമസിച്ചിരുന്ന സ്ഥലത്ത് നിന്നും രണ്ട് കോടി മുപ്പത്തി അയ്യായിരം രൂപ കൈതോലപ്പായയിൽ പൊതിഞ്ഞ് കടത്തിയെന്നും താൻ അതിന് സാക്ഷിയാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ഈ വിഷയം വലിയ ചർച്ചയുമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപി ജയരാജന്റെ പ്രതികരണം.
സിംഹാസനത്തിൽ ഇരിക്കുന്ന ആണും പെണ്ണും നടുറോഡിൽ തുണിയുരിഞ്ഞു നിൽക്കുമ്പോഴേ അപമാനം മനസിലാകൂ. എന്നെയും കുടുംബത്തെയും ഇനിയും അപമാനിക്കാൻ ശ്രമിച്ചാൽ അർധരാത്രി സൂര്യനുദിച്ചാൽ എന്താകുമെന്ന് അറിയാമല്ലോ. കൂടെ കിടത്തിയിരുന്നവരെയും കൊണ്ട് ഓടേണ്ടിവരിക മന്ത്രിമാർ ആയിരിക്കും. അസത്യത്തിന്റെ കണികപോലും ഉണ്ടാകില്ലെന്ന് മുന്നറിയിപ്പ് നൽകിയായിരുന്നു വെളിപ്പെടുത്തൽ. മുഖ്യമന്ത്രി വിളിച്ചു മുന്നറിയിപ്പ് കൊടുത്ത് മന്ത്രിയും തോഴിയും .നക്ഷത്ര ഹോട്ടലിൽ നിന്ന് മുങ്ങിയത് കേന്ദ്ര ഇന്റലിജൻസ് ബ്യുറോയുടെ പ്രതിദിന റിപ്പോർട്ടിൽ അച്ചടിച്ചുവെച്ചിട്ടുണ്ട്. നായിക ഇന്ന് പാർട്ടിയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post