തിരുവനന്തപുരം: വടശ്ശേരിക്കോണത്ത് വിവാഹ ദിനത്തിൽ നവവധുവിന്റെ പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് നേരെ ജനരോഷം. തെളിവെടുപ്പിനായി കൊല്ലപ്പെട്ട രാജുവിന്റെ വീട്ടിൽ എത്തിച്ചപ്പോഴായിരുന്നു ശക്തമായ പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്ത് എത്തിയത്. പ്രതിഷേധം മറികടക്കാനാകാതെ വന്നതോടെ പ്രതികളുമായി പോലീസ് തിരികെ മടങ്ങി.
ഉച്ചയോടെയായിരുന്നു തെളിവെടുപ്പിനായി പ്രധാന പ്രതി ജിഷ്ണുവുൾപ്പെടെയുള്ള സംഘത്തെ രാജുവിന്റെ വീട്ടിൽ എത്തിച്ചത്. എന്നാൽ വീടിന് മുൻപിൽവച്ച് ബന്ധുക്കളും നാട്ടുകാരും പോലീസിനെ തടയുകയായിരുന്നു. അനുനയിപ്പിച്ച് തെളിവെടുപ്പ് നടത്താൻ പോലീസ് പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ തെളിവെടുപ്പ് നടത്താതെ അന്വേഷണ സംഘം തിരികെ മടങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസവും ആയിരുന്നു രാജുവിനെ ജിഷ്ണുവും സംഘവും ചേർന്ന് കൊലപ്പെടുത്തിയത്. രാജുവിന്റെ മകൾ ശ്രീലക്ഷ്മിയോട് ജിഷ്ണു വിവാഹ അഭ്യർത്ഥന നടത്തിയിരുന്നു. ഇത് പെൺകുട്ടിയും കുടുംബവും നിരസിച്ചതിലുള്ള പകയാണ് കൊലയ്ക്ക് പിന്നിൽ. വിവാഹ തലേന്ന് ശ്രീലക്ഷ്മിയുടെ വീട്ടിലേക്ക് അതിക്രമിച്ച് എത്തിയ ജിഷ്ണുവും സംഘവും സംഘർഷമുണ്ടാക്കുകയായിരുന്നു. ഇത് തടയാൻ എത്തിയ രാജുവിന്റെ ജിഷ്ണു മൺവെട്ടികൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു.












