ന്യൂഡൽഹി: മദ്യ നയ അഴിമതി കേസിൽ ജാമ്യം തേടിയ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് തിരിച്ചടി. ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് മറ്റ് പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയിട്ടുണ്ട്.
ജസ്റ്റിസ് ദിനേശ് ശർമ്മയുടേത് ആണ് നിർണായക വിധി. സിസോദിയ ഉൾപ്പെടെയുള്ള പ്രതികൾ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാനും, സാക്ഷികളെ സ്വാധീനിക്കാനും സാദ്ധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതേ തുടർന്നാണ് ജാമ്യം നിഷേധിച്ചത്.
മനീഷ് സിസോദിയയ്‌ക്കൊപ്പം വ്യവസായ പ്രമുഖൻ അഭിഷേക് ബോയിൻപള്ളി, ആംആദ്മി നേതാവ് വിജയ് നായർ എന്നിവരാണ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നത്.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ജാമ്യാപേക്ഷയുമായി സിസോദിയ കോടതിയെ സമീപിച്ചത്. സംഭവത്തിൽ ഇഡിയാണ് സിസോദിയയ്‌ക്കെതിരെ കേസ് എടുത്തത്. നേരത്തെ അഴിമതി കേസിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിലും ഹൈക്കോടതി ജാമ്യം നിരസിച്ചിരുന്നു.
Discussion about this post