തിരുവനന്തപുരം : ഭർത്താവിനെ ഒഴിവാക്കാൻ വേണ്ടി മൂന്ന് വയസുകാരിയായ മകളെ പീഡിപ്പിച്ചുവെന്ന് പോക്‌സോ കേസ് നൽകിയ സംഭവത്തിൽ യുവാവ് കുറ്റവിമുക്തൻ. കിളിമാനൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ആറ്റിങ്ങൽ ഫാസ്ട്രാക്ക് പോക്‌സോ കോടതി യുവാവിനെ കുറ്റവിമുക്തനാക്കിയത്. കുട്ടിയുടെ അമ്മയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
2018 ലാണ് സംഭവം. അച്ഛൻ മൂന്ന് വയസുകാരിയായ മകളെ പീഡിപ്പിച്ചെന്നും വൈദ്യപരിശോധനയിൽ പീഡനം നടന്നതായി തെളിഞ്ഞെന്നും ചൂണ്ടിക്കാണിച്ചാണ് കുട്ടിയുടെ അമ്മ പരാതി നൽകിയത്. രാത്രിയിൽ കുട്ടിയും അച്ഛനും കട്ടിലിൽ കിടക്കുകയായിരുന്നു. അമ്മ നിലത്താണ് കിടന്നത്. അർദ്ധരാത്രിയായിപ്പോൾ കുഞ്ഞിന്റെ ശബ്ദം കേട്ടു. എഴുന്നേറ്റ് നോക്കിപ്പോൾ ഭർത്താവ് കുട്ടിയുടെ മുന്നിൽ എഴുന്നേറ്റ് നിൽക്കുന്നതാണ് കണ്ടത്. പിറ്റേന്ന് ആശുപത്രിയിലെത്തി കുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ടുവെന്ന് മനസിലായത് എന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു.
തുടർന്ന് കേസ് കോടതിയിൽ എത്തിയപ്പോഴാണ് വഴിത്തിരിവുണ്ടായത്. കുഞ്ഞിന്റെ അച്ഛനും അമ്മയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ മൂലം മാറി താമസിക്കുകയായിരുന്നുവെന്ന് അച്ഛന് വേണ്ടി കോടതിയിൽ വാദിച്ച അഭിഭാഷകൻ പറഞ്ഞു. പിന്നെ എങ്ങനെ പീഡനം നടക്കുമെന്ന ചോദ്യമാണ് ഉയർന്നത്. ഇതിന് കൃത്യമായ മറുപടി നൽകാൻ വാദി ഭാഗത്തിന് സാധിച്ചില്ല.
കുഞ്ഞിന്റെ അമ്മയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും ഭർത്താവിനെ ഒഴിവാക്കാൻ വേണ്ടിയാണ് ഇവർ പരാതി നൽകിയത് എന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ഇതോടെ കഴിഞ്ഞ് ജൂൺ 29നാണ് അച്ഛനെ കുറ്റവിമുക്തനാക്കിയത്.












