അമേരിക്കയ്ക്കും കാനഡയ്ക്കും ലണ്ടനും ശേഷം ഇപ്പോൾ പോർച്ചുഗലിലും സ്വാധീനമുറപ്പിക്കുകയാണ് ഖാലിസ്ഥാൻ തീവ്രവാദികൾ. ഇന്ത്യക്കെതിരെ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾക്ക് പുതിയ താവളമൊരുക്കുകയാണ് സംഘടനയുടെ ലക്ഷ്യം. റിപ്പോർട്ടുകൾ പ്രകാരം പോർച്ചുഗലിൽ ഇവർക്ക് വേണ്ട ആയുധങ്ങളും സാമ്പത്തിക സഹായവും എത്തിച്ചു നൽകുന്നത് പാകിസ്താൻ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) ആണ്.
ഖാലിസ്ഥാൻ അനുകൂലികൾ വിദേശരാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന ഫണ്ടുകൾ പഞ്ചാബിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും രാജ്യവിരുദ്ധ ക്രിമിനൽ പ്രവർത്തനങ്ങൾ നടത്താൻ ഉപയോഗിക്കുന്നുണ്ട്. പഞ്ചാബിലെ ഫിറോസ്പൂർ സ്വദേശിയായ ഒരു ഖാലിസ്ഥാൻ ഭീകരനെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പോർച്ചുഗലിൽ വെച്ച് പിടികൂടിയതോടെയാണ് ഖാലിസ്ഥാൻ തീവ്രവാദികളുടെ പോർച്ചുഗൽ ബന്ധം വെളിപ്പെടുന്നത്. പോർച്ചുഗലിൽ ടൂറിസ്റ്റ് വിസയിൽ തങ്ങിയിരുന്ന ഇയാളുടെ പക്കൽ നിന്ന് എകെ 47, എംപി 5 സബ് മെഷീൻ ഗൺ, ഹാൻഡ് ഗ്രനേഡുകൾ, പിസ്റ്റൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളുടെ ശേഖരവും കണ്ടെത്തിയിരുന്നു. പഞ്ചാബിലെ ഖാലിസ്ഥാൻ അനുകൂലികളായ ക്രിമിനലുകൾക്ക് ഈ ആയുധങ്ങൾ എത്തിക്കാനുള്ള ഉത്തരവാദിത്തം ഐഎസ്‌ഐ ഇയാളെ ഏൽപ്പിച്ചുവെന്നായിരുന്നു ഇയാൾ നൽകിയ മൊഴി. പാകിസ്താൻ, കാനഡ, ബ്രിട്ടൻ എന്നിവിടങ്ങളിൽ താവളമുറപ്പിച്ച ഖാലിസ്ഥാൻ ഭീകരർ പ്രാദേശിക കുറ്റവാളികളെ റിക്രൂട്ട് ചെയ്യുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
കാനഡയിൽ ഉൾപ്പെടെ പ്രത്യക്ഷമായി ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളും പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങുന്ന ഖാലിസ്ഥാൻ ഭീകരർക്കെതിരെ ഇന്ത്യ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കനേഡിയൻ സർക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷിത താവളങ്ങൾ തേടി മറ്റ് രാജ്യങ്ങളിലും താവളമുറപ്പിക്കാൻ ഖാലിസ്ഥാനികൾ ശ്രമിക്കുന്നതെന്നാണ് സൂചന.
Discussion about this post