റിയാദ് : ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അഞ്ച് യുവാക്കളുടെ വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. ജൂലൈ 3 നാണ് വധശിക്ഷ നടപ്പിലാക്കിയത് എന്ന് സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ഇതോടെ ഈ വർഷത്തെ ഏറ്റവും വലിയ കൂട്ട വധശിക്ഷയാണ് രാജ്യം നടപ്പിലാക്കിയത്.
അൽ ഹസയിൽ ഷിയാ വിഭാഗക്കാരുടെ ആരാധനാലയത്തിന് നേരെ നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച നാല് സൗദികളും ഒരു ഈജിപ്ഷ്യൻ പൗരനുമുൾപ്പെടുന്ന സംഘത്തെ ഭരണകൂടം ശിക്ഷിച്ചത്. പ്രാദേശിക മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈജിപ്ഷ്യൻ സ്വദേശിയായ ത്വൽഹ ഹിശാം മുഹമ്മദ് അബ്ദു, സൗദി പൗരന്മാരായ അഹ്മദ് ബിൻ മുഹമ്മദ് ബിൻ അഹ്മദ് അസീരി, നസ്സാർ ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽമൂസ, ഹമദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽമൂസ, അബ്ദുല്ല ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽതുവൈജിരി എന്നിവരുടെ വധശിക്ഷകളാണ് നടപ്പാക്കിയത്.
ഈവർഷം 68 പേരുടെ വധശിക്ഷയാണ് രാജ്യം നടപ്പിലാക്കിയത്. 2023 മെയ് മാസം മുതൽ തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് 20 ലധികം പേരെയാണ് ശിക്ഷിച്ചത്. ഇതിൽ ഭൂരിഭാഗവും കിഴക്കൻ പ്രവിശ്യയിലാണ് നടന്നത്.
Discussion about this post