ന്യൂഡൽഹി; 1996 ൽ രാജ്യത്തെ നടുക്കിയ ലജ്പത് നഗർ സ്‌ഫോടനക്കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ച് സുപ്രീംകോടതി. ജീവിതാവസാനം വരെയുള്ള ജീവപര്യന്തം കഠിനതടവാണ് സുപ്രീംകോടതി വിധിച്ചത്. പ്രതികളായ ഭീകരസംഘടന ജെകെഐഎഫ് അംഗങ്ങളായ മുഹമ്മദ് നൗഷാദ്, ജാവേദ് അഹമ്മദ് ഖാൻ എന്നിവർക്ക് ഡൽഹി ഹൈക്കോടതി നൽകിയ ജീവപര്യന്തം കഠിനതടവ് ശരിവച്ച സുപ്രീംകോടതി, രണ്ട് പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി നടപടി അംഗീകരിച്ചില്ല. മിർസ നിസാർ ഹുസൈൻ, മുഹമ്മദ് അലി ഭട്ട് എന്നിവരോട് ഉടൻ കീഴടങ്ങാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഒരു കാരണവശാലും നാല് പ്രതികൾക്കും ശിക്ഷായിളവ് നൽകി മോചിപ്പിക്കരുതെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, വിക്രം നാഥ്, സഞ്ജയ് കരോൽ എന്നിവരടങ്ങിയ ബെഞ്ച് കർശന നിർദ്ദേശം നൽകി.
1996ൽ ഡൽഹിയിലെ തിരക്കേറിയ ലജ്പത് നഗർ സെൻട്രൽ മാർക്കറ്റിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും, 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.സ്ഫോടനത്തിന് പിന്നാലെ ജമ്മു കാശ്മീർ ഇസ്ലാമിക് ഫ്രണ്ട് എന്ന ഭീകരസംഘടന ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പാക്കിസ്ഥാനിൽ അവരുടെ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുടെ കൂടി ആസൂത്രണത്തിലാണ് ഭീകരസംഘടന സ്ഫോടനം നടത്തിയതെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.വിധി പ്രസ്താവിക്കുന്നതിനിടെ കേസിലെ വിചാരണയിലുണ്ടായ കാലതാമസത്തിൽ സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തി. രാജ്യതാത്പര്യത്തെ പ്രതികൂലമായി ബാധിക്കുന്ന വിഷയമാണിതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
വിചാരണ കാലയളവിൽ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഭീകരൻ മുഹമ്മദ് നൗഷാദ് നൽകിയ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. നിരപരാധികളെ അതിക്രൂരമായി വധിക്കുക പോലുള്ള നിഷ്ഠൂരകൃത്യങ്ങളിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർ തങ്ങളുടെ കുടുംബ ബന്ധങ്ങളെ മറക്കുകയാണ് നല്ലത്. കുടുംബവുമായി ബന്ധപ്പെട്ട ഒരു തരത്തിലുള്ള അടിയന്തരാവശ്യത്തിനും അവർക്ക് പരോളോ, ഇടക്കാല ജാമ്യമോ ഒരു കാരണവശാലും അനുവദിക്കപ്പെടുകയില്ല എന്നാണ് അന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ്റ്റുമാരായ ഡിവൈ ചന്ദ്രചൂഡ്. സജ്ഞയ് കിഷൻ കൗൾ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.
Discussion about this post