കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിൽ ബാലറ്റുമായി കടന്ന് കളഞ്ഞ് യുവാവ്. കൂച്ച് ബിഹാർ ജില്ലിയിലാണ് സംഭവം. തൃണമൂൽ കോൺഗ്രസ് അനുഭാവിയാണ് ഇയാൾ എന്നാണ് സൂചന.
രാവിലെയോടെയായിരുന്നു സംഭവം. വോട്ട് ചെയ്യാനായി എത്തിയതാണ് ഇയാൾ എന്നാണ് വിവരം. വോട്ട് ചെയ്ത ശേഷം ഇയാൾ ബാലറ്റ് ബോക്‌സുമായി പോളിംഗ് ബൂത്തിൽ നിന്നും ഓടിപ്പോകുകയായിരുന്നു. സംഭവ സമയം നിരവധി പേരാണ് വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ എത്തിയിരുന്നത്. ഇതോടെ വോട്ട് ചെയ്യാൻ ഇവർക്ക് ഏറെ നേരം കാത്ത് നിൽക്കേണ്ടിവന്നു.
ബാലറ്റുമായി യുവാവ് ഓടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. ബാലറ്റ് ബോക്‌സ് വീണ്ടെടുക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്.
അതേസമയം കൂച്ച് ബിഹാറിലെ മറ്റൊരിടത്ത് ബാലറ്റ് ബോക്‌സും തിരഞ്ഞെടുപ്പ് സാമഗ്രികളും കത്തിച്ചു. ബരൻചീന പോളിംഗ് ബൂത്തിലായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ പോളിംഗ് ബൂത്തിലേക്ക് അതിക്രമിച്ച് കടന്ന സംഘം ബാലറ്റ് ബോക്‌സും മറ്റ് സാമഗ്രികളും നശിപ്പിക്കുകയായിരുന്നു.
Discussion about this post