തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ആവർത്തിച്ചുള്ള ക്ഷണം നിരസിച്ച് മുസ്ലീം ലീഗ്. ഏകസിവിൽ കോഡിനെതിരെ സിപിഎം നടത്തുന്ന സെമിനാറിൽ മുസ്ലിംലീഗ് പങ്കെടുക്കില്ലെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയാണ് മുസ്ലിംലീഗ്. അതുകൊണ്ടുതന്നെ മുസ്ലിംലീഗിന് എല്ലാവരുമായും കൂടിച്ചേർന്ന് മാത്രമേ തീരുമാനമെടുക്കാൻ കഴിയൂവെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
സിവിൽ കോഡിനെതിരെ എല്ലാവരും ഒരുമിച്ച് നിൽക്കണം. ഇത് മുസ്ലീം വിഷയം മാത്രം അല്ല. എല്ലാവരും ഏറ്റെടുക്കണം. ലീഗ് യുഡിഎഫിലെ പ്രധാന കക്ഷിയാണ്. അതുകൊണ്ടുതന്നെ ലീഗ് സെമിനാറിൽ പങ്കെടുക്കില്ല. കോൺഗ്രസിനെ മാറ്റി ഒന്നും ചെയ്യാനാകില്ല. കോൺഗ്രസിനെ മാറ്റി നിർത്തി സെമിനാറിൽ പങ്കെടുക്കില്ല. പങ്കെടുത്താൽ ദോഷം ഉണ്ടാകും. ലീഗ് സിപിഎം സെമിനാറിന് പോകില്ല. ആർക്കും സെമിനാർ സംഘടിപ്പിക്കാം. ആർക്കും അതിൽ പങ്കെടുക്കാൻ സ്വാതന്ത്ര്യം ഉണ്ട്. സമസ്തക്കും അതിന്റെ സ്വാതന്ത്ര്യം ഉണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ഏക സിവൽ കോഡ് വിഷയത്തിൽ എല്ലാ മതസ്ഥരെയും പങ്കെടുപ്പിച്ച് മറ്റൊരു സെമിനാർ പാണക്കാട് തങ്ങളുടെ നേതൃത്വത്തിൽ കോഴിക്കോട് സംഘടിപ്പിക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ”ഭിന്നിപ്പിക്കാനുള്ള സെമിനാറായി ഇതു മാറരുത്. ഇതൊരു ദേശീയ വിഷയമാണിത്. ഇതിൽ പാർലമെന്റിൽ എന്ത് നടക്കുമെന്നതാണ് പ്രധാനം. കോൺഗ്രസുമായി ചേർന്നാണ് ബില്ലിനെ എതിർത്ത് തോൽപ്പിക്കേണ്ടത്. ഇവിടെ സെമിനാർ നടത്തി ഭിന്നിപ്പിക്കുന്നത് ബിജെപിയെ സഹായിക്കുമെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
ഏക സിവിൽകോഡിനെതിരെ മുസ്ലീം ലീഗ് അടക്കമുള്ളവർ നടത്തുന്ന പ്രതിഷേധ വേദികളിൽ പങ്കെടുക്കുന്നതിന് സിപിഎമ്മിന് തടസ്സമില്ലെന്ന് എംവി ഗോവിന്ദൻ ഇന്നും ആവർത്തിച്ചിരുന്നു. ഏകസിവിൽ കോഡ് വിരുദ്ധ സമരത്തിൽ മുസ്ലീം ലീഗ് കൂടെ നിൽക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞിരുന്നു. കോൺഗ്രസിന് ഇപ്പോഴും അഴകൊഴമ്പൻ നിലപാടാണ്. മുസ്ലീം ലീഗ് ജനാധിപത്യ പാർട്ടിയാണ്. പല വിഷയങ്ങളിലും ലീഗിന്റേത് ശക്തമായ നിലപാട്. അതിനാലാണ് ലീഗിനെ ക്ഷണിച്ചത്. കോൺഗ്രസിന് അഴകൊഴമ്പൻ സമീപനമാണുള്ളത്. ഉറച്ച നിലപാടില്ലെന്നായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ വിമർശനം. അതേസമയം സിപിഎമ്മുമായി സഹകരിക്കുമെന്നും സെമിനാറിൽ പങ്കെടുക്കുമെന്നും സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഇന്നല വ്യക്തമാക്കിയിരുന്നു.
Discussion about this post