ഡല്‍ഹി: 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ തുരത്താന്‍ ഇന്ത്യ ആണവായുധപ്രയോഗമുള്‍പ്പെടെയുള്ളവ പരിഗണിച്ചിരുന്നതായി വെളിപ്പെടുത്തല്‍. എന്‍.ഡി.ടി.വി. ചാനലിന്റെ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ബര്‍ക്കാ ദത്തയുടെ, അടുത്തിടെ പ്രകാശനംചെയ്ത ‘ദിസ് അണ്‍ക്വയറ്റ് ലാന്‍ഡ് സ്റ്റോറീസ് ഫ്രം ഇന്ത്യാസ് ഫോള്‍ട്ട് ലൈന്‍സ്’ എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങളുള്ളത്.
തിരിച്ചടിക്കാന്‍ സൈന്യം ആറുദിനപദ്ധതി തയ്യാറാക്കിയിരുന്നതായും പുസ്തകത്തില്‍ പറയുന്നു. അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രിജേഷ് മിശ്ര, മരിക്കുന്നതിന് രണ്ടുമാസം മുമ്പ് ദത്തയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയതെന്ന് പുസ്തകത്തില്‍ പറയുന്നു. നിയന്ത്രണരേഖ മുറിച്ചുകടക്കുക, ആണവായുധങ്ങള്‍ പ്രയോഗിക്കുക തുടങ്ങിയ സാധ്യതകള്‍ ഇന്ത്യ തള്ളിയിട്ടുണ്ടായിരുന്നില്ല- ഇതായിരുന്നു മിശ്രയുടെ വെളിപ്പെടുത്തല്‍.
അന്ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി യു.എസ്. പ്രസിഡന്റ് ബില്‍ ക്ലിന്റണ് രഹസ്യമായി ഒരു കത്തയച്ചു. പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ ഇന്ത്യവിട്ടുപോയില്ലെങ്കില്‍ ഏതുവിധേനയും അവരെ തുരത്തുമെന്നായിരുന്നു ഉള്ളടക്കം. എന്നാല്‍, ഇന്ത്യ എന്തെല്ലാം ചെയ്യുമെന്നതിനെക്കുറിച്ച് കത്തില്‍ പരാമര്‍ശമില്ലായിരുന്നു. മിശ്രയാണ് ഈ കത്ത് ജനീവയില്‍വെച്ച് യു.എസ്. ഉന്നതോദ്യോഗസ്ഥനു കൈമാറിയത്.
തിരിച്ചടിക്കാന്‍ സൈന്യം പദ്ധതിയിട്ടു. നിയന്ത്രണരേഖ ഭേദിച്ച് പാകിസ്ഥാന്റെ മണ്ണിലേക്ക് മുന്നേറാനായിരുന്നു പദ്ധതി. പ്രത്യാക്രമണം കശ്മീരിനു പുറത്തേക്കു വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടിരുന്നു. പഞ്ചാബും രാജസ്ഥാനും ആസ്ഥാനമാക്കി ആക്രമിക്കാനായിരുന്നു പദ്ധതി. പാക് മണ്ണിലേക്കു കടന്നുകയറാനുദ്ദേശ്യമില്ലെന്ന വാജ്‌പേയിയുടെ പ്രസ്താവന സൈനികനീക്കത്തിനു തടയായി. തുടര്‍ന്ന്, സൈനികമേധാവി ജനറല്‍ വേദ് പ്രകാശ് മാലിക് വാജ്‌പേയിയുമായി ചര്‍ച്ചനടത്തി വിവരങ്ങള്‍ ധരിപ്പിച്ചു.
രണ്ടുദിവസങ്ങള്‍ക്കുശേഷം ക്ലിന്റണ്‍ യു.എസ്. കമാന്‍ഡര്‍ ഇന്‍ ചീഫായ ആന്റണി സിന്നിയെ പാകിസ്ഥാനിലേക്കയച്ചു. കാര്‍ഗിലില്‍ നിന്നു പിന്മാറിയില്ലെങ്കില്‍ ആണവായുധാക്രമണം വരെ നേരിടേണ്ടിവരുമെന്നു സിന്നി പാക് സേനാമേധാവി മുഷറഫിനോട് പറഞ്ഞു. എന്നാല്‍ പരിഹാരം കാണാനാവാതെ സിന്നി മടങ്ങി. പിന്നീട് പ്രധാനമന്ത്രി നവാസ് ഷെരീഫ് ബില്‍ ക്ലിന്റണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെത്തുടര്‍ന്ന് പാകിസ്ഥാന്‍ കാര്‍ഗില്‍ ദൗത്യത്തില്‍നിന്ന് പിന്മാറാന്‍ തീരുമാനിച്ചെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു.
Discussion about this post