തിരുവനന്തപുരം: മുതലപ്പൊഴിയിൽ രക്ഷാപ്രവർത്തനത്തിലുണ്ടായ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികൾക്കെതിരെ അപമര്യാദയായി പെരുമാറി മന്ത്രി വി ശിവൻകുട്ടി. കൂടുതൽ ഷോ വേണ്ടെന്നാണ് മന്ത്രിമാരെ തടഞ്ഞ പ്രതിഷേധക്കാരോട് ശിവൻകുട്ടി ആക്രോശിച്ചത്. പ്രതിഷേധം കനത്തതോടെ മന്ത്രിമാർ സംഭവസ്ഥലത്ത് നിന്ന് ഇളിഭ്യരായി മടങ്ങി.
തിരുവനന്തപുരം ജില്ലയിൽനിന്നുള്ള മന്ത്രിമാരായ വി ശിവൻകുട്ടി, ആൻറണി രാജു, ജി ആർ അനിൽ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു കാണാതായ മൂന്നുപേർക്കായി തെരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് മന്ത്രിമാർ സ്ഥലത്തെത്തിയത്. ഇന്ന് വെളുപ്പിന് മത്സ്യബന്ധനബോട്ട് മറിഞ്ഞത്. രക്ഷാപ്രവർത്തനം വൈകിയെന്നാരോപിച്ചാണ് നാട്ടുകാർ മന്ത്രിമാർക്ക് നേരെ പ്രതിഷേധം ഉയർത്തിയത്.
അതേസമയം മന്ത്രിമാരെ തടയാൻ ആഹ്വാനം ചെയ്തത് ഫാദർ യുജീൻ പേരേരയാണെന്നും ഫാദർ യുജീൻ പേരേരയുടെ ആഹ്വാനം അനുസരിക്കാതെ നാട്ടുകാർ സംയമനം പാലിച്ചതിനാൽ വലിയ സംഘർഷം ഒഴിവായെന്നും വി ശിവൻകുട്ടി ആരോപിച്ചു.
ബോട്ട് മറിഞ്ഞ് മരിച്ച പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോന് മന്ത്രിമാർ ആദരാഞ്ജലി അർപ്പിച്ചു. കുഞ്ഞുമോനൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണ്.
Discussion about this post