ന്യൂഡൽഹി; തനിക്ക് സ്വന്തമായി ബൈക്ക് ഉണ്ടൈന്നും പക്ഷേ ഓടിക്കാറില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കെടിഎം 390 ബൈക്കാണ് സ്വന്തമായിട്ടുള്ളതെന്നാണ് രാഹുൽ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ലക്ഷങ്ങൾ വില വരുന്ന തന്റെ പ്രിയപ്പെട്ട ഡ്യൂക്ക് പക്ഷേ താൻ ഓടിക്കാറില്ലെന്നും രാഹുൽ പറയുന്നു. സൂപ്പർ ബൈക്ക് ഉണ്ടെന്ന വിവരം കഴിഞ്ഞ ദിവസം ഡൽഹിയിലെ വർക്ക് ഷോപ്പ് സന്ദർശിച്ചപ്പോഴാണ് രാഹുൽ വെളിപ്പെടുത്തിയത്.
എന്താണ് ഗംഭീര ബൈക്ക് ഉണ്ടായിട്ടും ഉപയോഗിക്കാത്തത് എന്ന് ചോദിച്ച വർക്ക് ഷോപ്പ് ജീവനക്കാരോട്, സുരക്ഷാ കാരണങ്ങളാലാണ് തന്റെ ആഗ്രഹം നടക്കാത്തതെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു. സുരക്ഷാ കാരണങ്ങളാൽ സുരക്ഷാ ജീവനക്കാർ തന്നെ ബൈക്ക് ഓടിക്കാൻ അനുവദിക്കാറില്ലെന്നും, എന്നാൽ ആഗ്രഹത്തിന്റെ പുറത്ത് വാങ്ങിയതാണെന്നും രാഹുൽ വ്യക്തമാക്കി.
കഴിഞ്ഞ മാസം 28 ാം തീയതിയാണ് രാഹുൽ ഗാന്ധി ഡൽഹിയിലെ വർക്ക്‌ഷോപ്പുകളിൽ സന്ദർശനം നടത്തിയത്. ഏറെ നേരം അവിടെ ചെലവിട്ട രാഹുൽ ബൈക്കുകൾ നന്നാക്കുന്നതിനെ പറ്റിയും ജോലികളെ പറ്റിയും ചോദിച്ചറിഞ്ഞിരുന്നു.








