ഹിമാചൽ: ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുന്നു. 20ഓളം പേരാണ് സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചത്. 24 മണിക്കൂർ നേരത്തേക്ക് ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്ന നിർദ്ദേശം സർക്കാർ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും റെഡ് അലർട്ട് നൽകിയിരിക്കുകയാണ്. എൻഡിആർഎഫിന്റെ 12 അംഗ സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.
കുളു, മണാലി തുടങ്ങീ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം ഒറ്റപ്പെട്ട നിലയിലാണ് ഉള്ളത്. നദികൾ കരകവിഞ്ഞ് ഒഴുകുന്നത് സ്ഥിതിഗതികൾ രൂക്ഷമാക്കിയിട്ടുണ്ട്. പ്രദേശങ്ങളിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. മണാലിയിലേക്ക് പോയ 10 അംഗ മലപ്പുറം സ്വദേശികളും ഇവിടെ കുടുങ്ങി കിടക്കുകയാണ്. ഇവരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
അതേസമയം കസോളിൽ കുടുങ്ങിയ തൃശൂർ മെഡിക്കൽ കോളേജിലെ 18 വിദ്യാർത്ഥികളെ ഇന്നലെ രാത്രി ഹോട്ടലിലേക്ക് മാറ്റി. കളമശേരി മെഡിക്കൽ കോളേജിലെ 17 വനിതാ ഡോക്ടർമാർ നിലവിൽ മണാലിയിലെ ഹഡിംബ ഹോം സ്റ്റെയിലാണുള്ളത്. 400ഓളം വിനോദ സഞ്ചാരികൾ വിവിധ ഇടങ്ങളിലായി കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.












