പാട്ന: ആദ്യഭാര്യയും രണ്ടാം ഭാര്യയും ചേര്‍ന്ന് 45കാരനായ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ഭർത്താവും ഭാര്യമാരും തമ്മിൽ നടന്ന തര്‍ക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്. ബിഹാറിലെ ഛപ്രയിലാണ് ഈ ദാരുണമായ സംഭവം നടന്നത് . ഭേൽഡി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബെഡ്വാലിയ റായ്പുര സ്വദേശിയായ അലംഗീർ അൻസാരി ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ അലംഗീറിന്‍റെ ആദ്യഭാര്യ ആയിരുന്ന സല്‍മ, ഇപ്പോഴത്തെ ഭാര്യ ആമിന എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പാണ് സല്‍മയെ അലംഗീര്‍ വിവാഹം കഴിച്ചത്. ഇരുവരും തമ്മിലുള്ള ബന്ധം വഷളായതോടെ സൽമ ബന്ധം അവസാനിപ്പിച്ച് മറ്റൊരിടത്തേക്ക് താമസം മാറി. ആറ് മാസം മുൻപാണ് ബംഗാൾ സ്വദേശിനിയായ ആമിനയെ അലംഗീർ വിവാഹം ചെയ്യുന്നത് .
എന്നാൽ ആദ്യ ഭാര്യയായ സല്‍മ കുറച്ചു ദിവസങ്ങൾക്കു മുൻപ് ദില്ലിയിലേക്ക് എത്തി അലംഗീറിനെ കണ്ടിരുന്നു . പിന്നീട് സൽമയും ആമിനയും കണ്ടുമുട്ടുകയും ചെയ്തു. ഇതിന് ശേഷം ബക്രീദ് ആഘോഷിക്കാനായി അലംഗീര്‍ നാട്ടില്‍ എത്തിയതറിഞ്ഞ് സല്‍മ ബീഹാറിലേക്ക് എത്തി. ഇതോടെ അലംഗീറും ആമിനയും സൽമയും തമ്മിൽ വാക്കുതർക്കമുണ്ടാവുകയായിരുന്നു . ഇതിനിടയിലാണ് ഭാര്യമാർ ചേർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്.
കുത്തേറ്റ അലംഗീറിനെ ഉടൻ ഛപ്രയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചിരുന്നു. പിന്നീട് പാറ്റ്ന മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും വഴി മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Discussion about this post