പാരീസ്: ആൽപ്‌സിൽ കാണാതായ രണ്ടര വയസ്സുകാരന് വേണ്ടിയുള്ള തിരച്ചിൽ ഫ്രാൻസിൽ തുടരുന്നു. ഹെലികോപ്റ്റർ ഉൾപ്പെടെ വൻ സന്നാഹങ്ങളാണ് തിരച്ചിലിനായി ഉള്ളത്. പോലീസും സൈനികരും തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് ആൽപ്‌സ് പർവ്വത പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്.
എമിലി എന്ന രണ്ടര വയസ്സുകാരനെ ആണ് കാണാതായത്. സമുദ്രനിരപ്പിൽ നിന്ന് 4000 അടി ഉയരത്തിൽ ഹൗത്-വെർനെറ്റ എന്ന ഗ്രാമത്തിൽ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് എമിലി താമസിച്ചിരുന്നത്. കുട്ടി ഒറ്റയ്ക്ക് ഇതിലെ നടന്നു പോകുന്നത് അയൽവാസികളായ രണ്ട് പേർ കണ്ടിരുന്നു. ഇവർ കൈമാറിയ വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
തങ്ങൾ പ്രതീക്ഷയിലാണെന്നും, കുട്ടിയെ എത്രയും വേഗം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്ന മാർക് ഷാപ്പിയസ് വ്യക്തമാക്കി. പോലീസിനും സൈനികർക്കും പുറമെ നൂറോളം സന്നദ്ധ പ്രവർത്തകരും തിരച്ചിലിനായി രംഗത്തുണ്ട്.
Discussion about this post