ബംഗളൂരു: പ്രതിപക്ഷ സഖ്യത്തിന്റെ രണ്ടാമത്തെ യോഗത്തിൽ 24 പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുക്കും. ഈ മാസം 17, 18 തിയതികളിൽ ബംഗളൂരുവിൽ വച്ചാണ് സംയുക്ത പ്രതിപക്ഷ യോഗം നടക്കുന്നത്. സോണിയ ഗാന്ധിയും ഇതിൽ പങ്കെടുക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. 17ാം തിയതി യോഗത്തിന് ശേഷം നടക്കുന്ന അത്താഴ വിരുന്നിലേക്ക് സോണിയ ഗാന്ധി എല്ലാ പാർട്ടികളുടേയും നേതാക്കളേയും ക്ഷണിക്കുമെന്നും വിവരമുണ്ട്.
മുസ്ലീം ലീഗിനും യോഗത്തിൽ പങ്കെടുക്കാൻ ക്ഷണമുണ്ട്. അതേപോലെ ഡൽഹി ഓർഡിനൻസ് വിഷയത്തിൽ കോൺഗ്രസിനെതിരെ നിലപാട് എടുത്ത ആം ആദ്മി പാർട്ടിക്കും ക്ഷണം നൽകിയിട്ടുണ്ട്. ഡൽഹി ഓർഡിനൻസ് വിഷയത്തിൽ കോൺഗ്രസ് പിന്തുണച്ചില്ലെങ്കിൽ പ്രതിപക്ഷ ഐക്യത്തിൽ നിന്ന് പിന്മാറുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ പാട്‌നയിൽ നടന്ന ആദ്യഘട്ട സംയുക്ത പ്രതിപക്ഷ യോഗത്തിൽ 17 പാർട്ടികളാണ് പങ്കെടുത്തത്. മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ), കൊങ്കു ദേശ മക്കൾ പാർട്ടി (കെഡിഎംകെ), വിടുതലൈ ചിരുതൈകൾ പാർട്ടി (വിസികെ), റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർഎസ്പി), ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐയുഎംഎൽ), കേരള കോൺഗ്രസ് (ജോസഫ്), കേരള കോൺഗ്രസ് (മാണി) തുടങ്ങീ പാർട്ടികൾക്കാണ് ഇത്തവണ അധികമായി ക്ഷണം ലഭിച്ചിരിക്കുന്നത്. .
Discussion about this post