ന്യൂഡൽഹി: രാജ്യത്ത് വൻ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയ ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. നാല് ഭീകരർക്ക് 10 വർഷം തടവ് ശിക്ഷയാണ് ഡൽഹി ഹൈക്കോടതി വിധിച്ചത്. 2012 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതിയുടെ നിർണായക വിധി.
ദാനിഷ് അൻസാരി, അഫ്താബ് അലം, ഇമ്രാൻ ഖാൻ, ഒബൈദ് ഉർ റഹ്മാൻ എന്നിവരാണ് കേസിലെ പ്രതികൾ. പ്രത്യേക ജഡ്ജി ശൈലേന്ദർ മാലിക് ആണ് ഇവർക്ക് ശിക്ഷ വിധിച്ചത്. ഈ മാസം ഏഴിന് കേസ് പരിഗണിച്ച കോടതി പ്രതികൾ കുറ്റക്കാർ ആണെന്ന് വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ 10 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിൽ പ്രതികൾക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയാണ് കേസ് എടുത്തിരുന്നത്.
2012 സെപ്തംബറിലായിരുന്നു സംഭവവുമായി ബന്ധപ്പെട്ട് എൻഐഎ കേസ് രജിസ്റ്റർ ചെയ്തത്. യുഎപിഎയിലെ 121എ പ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 123ാം വകുപ്പ് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.








