തൃശൂർ : സാഹിത്യ അക്കാദമി പുതുതായി പ്രസിദ്ധീകരിച്ച 30 പുസ്തകങ്ങളുടെ കവര്‍ പേജില്‍ ‘കൈകള്‍ കോര്‍ത്ത് കരുത്തോടെ’ എന്ന് തുടങ്ങുന്ന എൽഡിഎഫ് സര്‍ക്കാര്‍ വാർഷികത്തിന്റെ പരസ്യം അച്ചടിച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ അനുകൂല പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് ഇന്നേവരെ കേട്ടുകേൾവി പോലും ഇല്ലാതിരുന്ന ഇത്തരം ഒരു നടപടി കേരള സാഹിത്യ അക്കാദമി സ്വീകരിച്ചത്. സംഗതി വലിയ വിവാദമായതോടെ സാഹിത്യ അക്കാദമിയുടെ പുസ്തക സ്റ്റാളിൽ നിന്ന് ഈ പുസ്തകങ്ങളെല്ലാം തന്നെ എടുത്തുമാറ്റി.
ഈ പുസ്തകങ്ങൾ പിൻവലിച്ചതായി കേരള സർക്കാരിന്റെ ഭാഗത്തുനിന്നും ഉത്തരവുകൾ ഒന്നും ഇറങ്ങിയിട്ടില്ല എന്നാണ് സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ പറയുന്നത് . അതിനാൽ തന്നെ അക്കാദമി സ്റ്റാളിൽ നിന്നും എടുത്തുമാറ്റിയിരിക്കുന്ന പുസ്തകങ്ങൾ എന്തു ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലാണ് ഇപ്പോൾ കേരള സാഹിത്യ അക്കാദമി. തപാൽ വഴി ആവശ്യപ്പെടുന്നവർക്ക് പോലും ഇപ്പോൾ ഈ പുസ്തകങ്ങൾ ലഭ്യമല്ല എന്നാണ് അറിയുന്നത്.
സർക്കാർ പരസ്യം പതിച്ചത് വിവാദം ആയതുകൊണ്ട് ഒഴിവാക്കിയ പുസ്തകങ്ങൾ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കേരള സാഹിത്യ അക്കാദമിക്ക് ഉണ്ടാക്കുന്നത്. നേരത്തെ തന്നെ ‘മലയാളസാഹിത്യ ചരിത്രം’ എന്ന പുസ്തകം ആറു വോള്യങ്ങൾ അച്ചടിച്ചതിന് ശേഷം നിലവാരമില്ലെന്ന് ആരോപണം ഉയർന്നപ്പോൾ വിൽപ്പന വേണ്ടെന്നു വെച്ചിരുന്നു. ഇതുവഴി അന്ന് 40 ലക്ഷം രൂപയുടെ നഷ്ടമാണ് കേരള സാഹിത്യ അക്കാദമിക്ക് ഉണ്ടായത്. സർക്കാർ പരസ്യം പതിച്ച പുസ്തകങ്ങൾ ഇനി എന്ത് ചെയ്യണം എന്നുള്ളത് അടുത്ത സാഹിത്യ അക്കാദമി യോഗത്തിൽ തീരുമാനിക്കും എന്നാണ് അറിയാൻ കഴിയുന്നത്.








