മദ്ധ്യപ്രദേശ്: കുനോ ദേശീയോദ്യാനത്തിൽ പുനരധിവസിപ്പിച്ച ചീറ്റ ‘തേജസ്’ ചത്തതിന് കാരണം ആന്തരിക അവയവങ്ങൾ തകരാറിലായതിനാലാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചൊവ്വാഴ്ച്ചയായിരുന്നു 43 കിലോ തൂക്കമുണ്ടായിരുന്ന തേജസ് ചത്തത്.
ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും കൊണ്ടുവന്ന ചീറ്റക്ക് അഞ്ചര വയസ്സാണ് ഉണ്ടായിരുന്നത്. പെൺ ചീറ്റയുമായുണ്ടായ പോരിൽ കഴുത്തിനേറ്റ പരിക്കുകളും ആഘാതമായതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
വൃക്കയിലെയും ശ്വാസകോശത്തിലെയും അണുബാധയാണ് പ്രധാനമായും വെല്ലുവിളിയായത്. ഇത്തരം സന്ദർഭങ്ങളിൽ ചീറ്റകൾ അതിജീവിക്കാനുളള സാദ്ധ്യത ചുരുക്കമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കുനോ ദേശീയോദ്യാനത്തിൽ മരണപ്പെടുന്ന ഏഴാമത്തെ ചീറ്റയാണ് തേജസ്. നമീബിയയിൽ നിന്നും കെണ്ടുവന്ന ജ്വാല എന്ന ചീറ്റ അടുത്തിടെ ചത്തിരുന്നു.
തേജസിന്റെ ആരോഗ്യനില വളരെ മോശം അവസ്ഥയിലായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം തേജസിന്റെ ആന്തരിക അവയവങ്ങൾ കൂടുതൽ പരിശോധനയ്ക്കായി ജബൽപൂരിലെ സ്‌കൂൾ ഓഫ് വൈൽഡ്‌ലൈഫ് ഫോറൻസിക് ആന്റ് ഹെൽത്തിലേക്ക് അയച്ചു.
ഒരുകാലത്ത് ഇന്ത്യയിൽ സജീവമായിരുന്ന ചീറ്റകൾക്ക് വംശനാശം വന്നതിനെ തുടർന്നാണ് ആഫ്രിക്കയിൽ നിന്നും കേന്ദ്രസർക്കാർ ചീറ്റകളെ കൊണ്ടുവന്ന് ഇവിടെ പുനരധിവസിപ്പിച്ചത്. 24 ചീറ്റകളെയാണ് ഇവിടേക്ക് കൊണ്ടുവന്നത്. ഇതിൽ ഇനിയും 17 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്.
Discussion about this post