തിരുവനന്തപുരം; പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ റിയാസിനെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. ഉദ്ഘാടനം ചെയ്യുന്ന പാലങ്ങളും റോഡുകളും കുറഞ്ഞത് തിരികെ തിരുവനന്തപുരത്ത് എത്തുംവരെയെങ്കിലും പൊളിയില്ല എന്ന് ഉറപ്പാക്കണമെന്ന് കേന്ദ്രമന്ത്രി പരിഹസിച്ചു.ഫേസ്ബുക്കിലൂടെയാണ് വിമർശനം.
ഒന്നിനു പിറകേ ഒന്നായി പൊളിയുന്ന പൊതുമരാമത്ത് റോഡുകളുടെ പാലങ്ങളുടെ പട്ടികയിലേക്ക് മാറനല്ലൂർ മലവിള പാലവും പൊതുഖജനാവിലെ മൂന്നരക്കോടിയും , മന്ത്രിയുടെ ഉദ്ഘാടന മാമാങ്കത്തിന് ചിലവിട്ട തുകയും നെയ്യാറിൽ ഒലിച്ചുപോയെന്നാണ് വി മുരളീധരൻ കുറ്റപ്പെടുത്തുന്നത്. കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി…!നാട്ടുകാരുടെ പണം, കോൺട്രാക്ടറുടെ പോക്കറ്റ്, പിന്നെ എത്ര വലിച്ചാലെന്ത് എന്നതാണ് സമീപനമെന്ന് കേന്ദ്രമന്ത്രി വിമർശിച്ചു.
ദേശീയപാതയുടെ പണി നടക്കുന്നിടത്ത് ക്യാമറകളുമായി പോയി എത്തിനോക്കുകയല്ല,പൊതുമരാമത്ത് കോൺട്രാക്ടർമാരുടെ ചെവിക്കുപിടിക്കുകയാണ് ശ്രീ.മുഹമ്മദ് റിയാസ് ചെയ്യേണ്ടതെന്നും വി.മുരളീധരൻ പറഞ്ഞു.
മാറനല്ലൂരിൽ ഒരു മാസം മുൻപ് ഉദ്ഘാടനം ചെയ്ത പാലത്തിലേക്കുള്ള അപ്രോച്ച് റോഡാണ് തകർന്നത്. അപകടകരമായ റോഡിലൂടെയുള്ള ഗതാഗതം നിർത്തിവച്ചു. ഇന്ന് പുലർച്ചെയാണ് പുന്നാവൂർ പാലത്തേക്കുള്ള അപ്രോച്ച് റോഡ് തകർന്നത്. ഏഴു കോടി ചെലവാക്കിയുള്ള പാലവും അപ്രോച്ച് റോഡും കഴിഞ്ഞ മാസം ആറിനാണ് പൊതുമരാമത്ത് മന്ത്രി ഉദ്ഘടനം ചെയ്തത്.
Discussion about this post