ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുന്നതിന് ആളുകൾക്ക് നിർദ്ദേശം നൽകി ഡൽഹി മേയർ ഷെല്ലി ഒബ്‌റോയ്. ഡൽഹിയിൽ പ്രളയ മുന്നറിയിപ്പ് തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. നരേല, സെന്റർ സോൺ എന്നിവിടങ്ങളിലെ രണ്ട് സർക്കാർ സ്‌കൂളുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയത്. ആവശ്യമുള്ള ആളുകൾക്ക് ഇവിടങ്ങളിലേക്ക് മാറാമെന്ന് മേയർ അറിയിച്ചു. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ജനങ്ങൾക്ക് നൽകിയതായും മേയർ ട്വീറ്റ് ചെയ്തു. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് വിവിധ പ്രദേശങ്ങളിൽ സ്‌കൂളുകൾ അടച്ചിട്ടു. ഇനിയും ജലനിരപ്പ് ഉയരുകയാണെങ്കിൽ ക്ലാസുകൾ ഓൺലൈനായി നടത്തും.
അതേസമയം, കശ്മീരി ഗേറ്റ്, റെഡ് ഫോർട്ട്, ഐ ടി ഒ, തുടങ്ങിയ ദുരിത ബാധിത സ്ഥലങ്ങൾ മേയർ സന്ദർശിച്ചു. ഗീതകോളനിയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ആളുകളുമായി മേയർ സംസാരിച്ചു. ക്യാമ്പുകളിൽ കഴിയുന്ന ആളുകൾക്ക് വേണ്ട സഹായങ്ങൾ എത്തിക്കാനും ക്യാമ്പുകളിൽ കൊതുക് പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും മേയർ നിർദ്ദേശം നൽകി. സംസ്ഥാനത്തെ എല്ലാ ഏജൻസികളും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. കേജരിവാൾ സർക്കാരും ഡൽഹി കോർപ്പറേഷനും ജനങ്ങൾക്ക്് എല്ലാവിധ സഹായങ്ങളും സാധ്യമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
45 വർഷങ്ങൾക്ക് ശേഷമാണ് ഡൽഹിയിൽ ഇത്തരത്തിലൊരു പ്രളയം ഉണ്ടാകുന്നത്. യമുനാ നദിയിൽ ജലനിരപ്പുയർന്നത് റോഡുകളിലും വീടുകളിലും വെള്ളം കയറുന്നതിന് കാരണമായി. നഗരത്തിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങിയതിനാൽ ആളുകൾ ആശങ്കയിലാണ്. റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
Discussion about this post