ടോക്കിയോ : ജപ്പാനിൽ പരീക്ഷണത്തിനിടെ റോക്കറ്റ് എഞ്ചിൻ പൊട്ടിത്തെറിച്ചു. രണ്ടാം ഘട്ട എഞ്ചിൻ പരീക്ഷിച്ച് ഒരു മിനിറ്റിനുള്ളിൽ സ്‌ഫോടനം നടക്കുകയായിരുന്നു. തുടർന്ന് റോക്കറ്റ് തകർന്നുവീണ ഒരു കെട്ടിടം മുഴുവൻ തീ പിടിക്കുകയും മേൽക്കൂര തകർന്നു വീഴുകയും ചെയ്തു. ജ്വലന പ്രക്രിയ കഴിഞ്ഞ് ഏകദേശം 50 സെക്കൻഡുകൾക്ക് ശേഷമാണ് റോക്കറ്റ് പൊട്ടിത്തെറിച്ചതെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രാലയ ഉദ്യോഗസ്ഥൻ നയോയ ടകെഗാമി അറിയിച്ചു.
എന്നാൽ സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്ന് ജപ്പാൻ വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ മാർച്ചിൽ ജപ്പാനിലെ നെക്സ്റ്റ് ജനറേഷൻ എച്ച് 3 റോക്കറ്റ് വിക്ഷേപിക്കാനുള്ള രണ്ടാമത്തെ ശ്രമം ലിഫ്റ്റ്ഓഫിന് ശേഷം പരാജയപ്പെട്ടിരുന്നു. മുൻവർഷം ഒക്ടോബറിലും ഖര ഇന്ധന എപ്സിലോണിന്റെ വിക്ഷേപണം പരാജയമായിരുന്നു. തുടർച്ചയായ പരാജയങ്ങൾ ജപ്പാന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കൂടുതൽ തിരിച്ചടിയാവുകയാണ്.
ജപ്പാന്റെ ബഹിരാകാശ പദ്ധതികൾ ഈയിടെയായി നിരവധി തിരിച്ചടികൾ ആണ് നേരിടുന്നത്. മാർച്ചിൽ ആദ്യ വിക്ഷേപണം പരാജയപ്പെട്ടത് ജപ്പാൻ ബഹിരാകാശ ഗവേഷണ മേഖലയെ നിരാശയിലാക്കിയിരുന്നു. രണ്ടാം ഘട്ട എഞ്ചിൻ ആസൂത്രണം ചെയ്തതുപോലെ നടക്കാത്തതിനാൽ മറ്റൊരു വിക്ഷേപണം ഒരു മാസം മുമ്പ് നിർത്തി വയ്ക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ആണ് ഇപ്പോൾ റോക്കറ്റ് എൻജിൻ പൊട്ടിത്തെറിച്ച് അപകടം ഉണ്ടാവുക കൂടി ചെയ്തത്. അടുത്ത വർഷം എപ്സിലോൺ എസ് റോക്കറ്റ് വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ജപ്പാൻ.








