കേൾക്കുന്നവരിൽ അത്ഭുതം തോന്നിപ്പിക്കുന്ന ഒരു അപൂർവ്വ ശാസ്ത്രക്രിയയുടെ വാർത്തയാണ് ഇപ്പോൾ ഇസ്രായേലിൽ നിന്നും പുറത്തു വന്നിരിക്കുന്നത്. ജെറുസലേമിൽ ഒരു റോഡപകടത്തെ തുടർന്ന് നട്ടെല്ലിന്റെ മുകളിലെ കശേരുക്കളിൽ നിന്ന് തലയോട്ടി വേർപെട്ട് ‘ആന്തരിക ശിരഛേദം’ സംഭവിച്ച 12 വയസ്സുള്ള ഒരു ആൺകുട്ടിക്ക് തലയോട്ടി വീണ്ടും ശരീരവുമായി കൂട്ടിച്ചേർക്കുന്ന ശസ്ത്രക്രിയ നടത്തി. ജൂണിൽ നടന്ന ഈ അത്ഭുത ശസ്ത്രക്രിയയുടെ വിവരങ്ങൾ കുട്ടി പൂർണ്ണ ആരോഗ്യവാൻ ആയതിനുശേഷം ഇപ്പോൾ മാത്രമാണ് ആശുപത്രി അധികൃതർ പുറത്തുവിടുന്നത്.
വെസ്റ്റ് ബാങ്കിൽ നിന്നുള്ള 12 വയസ്സുള്ള പലസ്തീൻ സ്വദേശിയായ സുലൈമാൻ ഹസ്സൻ ആണ് അത്യപൂർവമായ ഈ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തെ തുടർന്നാണ് സുലൈമാൻ ഹസ്സന് ഗുരുതരമായി പരിക്ക് പറ്റിയത് . ഉടൻ തന്നെ കുട്ടിയെ ഹദസ്സ മെഡിക്കൽ സെന്ററിൽ എത്തിച്ചു. തുടർന്ന് ട്രോമ യൂണിറ്റിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
‘ബൈലാറ്ററൽ അറ്റ്ലാന്റോ ആൻസിപിറ്റൽ ജോയിന്റ് ഡിസ്‌ലോക്കേഷൻ’ എന്നാണ് ഔദ്യോഗികമായി ഈ അവസ്ഥയെ വിളിക്കുന്നത്. അവന്റെ തലയോട്ടി കഴുത്തിന്റെ അടിയിൽ നിന്ന് ഏതാണ്ട് പൂർണ്ണമായും വേർപ്പെട്ടിരിക്കുന്ന അവസ്ഥയിലായിരുന്നു എന്നാണ് ട്രോമ യൂണിറ്റിൽ ഹസനെ ചികിത്സിച്ച ഡോക്ടർമാർ പറയുന്നത്.
നിരവധി മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ശസ്ത്രക്രിയ ആയിരുന്നു ഇത് എന്ന് ഡോക്ടർമാർ അറിയിക്കുന്നു. പുതിയ പ്ലേറ്റുകളും കേടായ സ്ഥലത്ത് ഫിക്സേഷനുകളും ഉപയോഗിക്കേണ്ടി വന്നു. ശസ്ത്രക്രിയ വിജയമായിരുന്നെങ്കിലും ഹസന്റെ അതിജീവന സാധ്യത 50 ശതമാനം മാത്രമായിരുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്. പ്രധാന രക്തക്കുഴലുകൾ കേടുകൂടാതെയിരിക്കുന്നതിനാൽ മാത്രമാണ് ശസ്ത്രക്രിയ സാധ്യമായതെന്നും ഡോക്ടർമാരുടെ സംഘം അറിയിച്ചു. നിലവിൽ കുട്ടി ആരോഗ്യവാൻ ആണെന്നും നൂറോളജിക്കൽ പ്രശ്നങ്ങളോ സെൻസറി, മോട്ടോർ പ്രശ്നങ്ങളോ ഇതുവരെയില്ലെന്നും ഡോക്ടർമാർ അറിയിച്ചു.
Discussion about this post