വാഷിംഗ്ടൺ: വാഗ്നർ ഗ്രൂപ്പ് തലവനായ യെവ്ഗിനി പ്രിഗോഷിന്റെ തിരോധാന വാർത്തകൾക്ക് പിന്നാലെ, തനിക്കും അദ്ദേഹം എവിടെയാണെന്ന് അറിയില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. പ്രിഗോഷിന് വിഷം നൽകിയിട്ടുണ്ടാവുമോയെന്ന സംശയവും അദ്ദേഹം പങ്കുവച്ചു.’ഞാനായിരുന്നു പ്രിഗോഷിനെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിൽ പോലും ശ്രദ്ധ പുലർത്തിയേനെ. ജൂൺ 24 ന് റഷ്യൻ നഗരമായ റോസ്‌തോവ് വിട്ടതിനുശേഷം യെവ്ഗിനി പ്രിഗോഷിനെ കണ്ടിട്ടില്ല. ‘എന്നാൽ എല്ലാ തമാശകളും മാറ്റിനിർത്തുക. റഷ്യയിൽ പ്രിഗോഷിന്റെ ഭാവി എന്താകുമെന്നത് സംബന്ധിച്ച് യാതൊരു സൂചനയും ആർക്കുമില്ലെന്ന് ഉറപ്പാണ്’ എന്ന് ബൈഡൻ പറഞ്ഞു.
നേരത്തെ വാഗ്നർ ഗ്രൂപ്പ് അവസാനിച്ചതായും നിലവിൽ രാജ്യത്ത് അത്തരത്തിലൊന്ന് ഇല്ലെന്നും റഷ്യൻ പ്രസിഡന്റ് പറഞ്ഞിരുന്നു. നിയമപിൻബലമില്ലാതെയാണ് വാഗ്നർ സംഘം പ്രവർത്തിച്ചത്. സ്വകാര്യ സൈനിക സംഘടനകൾ സംബന്ധിച്ച് നിയമങ്ങളൊന്നും നിലവിലില്ല. സ്വകാര്യ സൈനിക കരാറുകാരുടെ പ്രശ്‌നം സർക്കാറും പാർലമെന്റും ചർച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇത് അടിസ്ഥാനമാക്കിയാണ് റഷ്യയിൽ അട്ടിമറിക്ക് ശ്രമിച്ച വാഗ്നർ ഗ്രൂപ്പിന്റെ തലവന്റെ നിലവിലെ അവസ്ഥയെ കുറിച്ച് അമേരിക്കൻ പ്രസിഡന്റ് സംസാരിച്ചത്. നേരത്തെ പ്രിഗോഷിൻ കൊല്ലപ്പെട്ടിരിക്കാൻ സാധ്യത ഉണ്ടെന്ന് അമേരിക്കൻ മുൻ സൈനിക ഉദ്യോഗസ്ഥനായ റോബർട്ട് എബ്രാംസ് പറഞ്ഞിരുന്നു.
കലാപനീക്കം നടത്തി അഞ്ച് ദിവസം കഴിഞ്ഞപ്പോൾ പ്രസിഡണ്ട് വ്ളാഡമിർ പുടിനും പ്രിഗോഷിനും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് കഴിഞ്ഞ ദിവസം റഷ്യൻ സർക്കാർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ചയും ഒരു നാടകമായിരിക്കാനാണ് സാധ്യത എന്നാണ് മുൻ യുഎസ് ജനറൽ കൂടിയായ റോബർട്ട് എബ്രാംസ് വ്യക്തമാക്കിയിരുന്നത്.
റഷ്യൻ പ്രസിഡന്റ് പുടിന്റെ ഉറ്റ സുഹൃത്തായിരുന്നു യെവ്ഗിനി പ്രിഗോഷിൻ.’പുടിന്റെ ഷെഫ്’ എന്നാണ് ഇയാൾ അറിയപ്പെടുന്നത്. 2014 ലാണ്് വാഗ്നർ ഗ്രൂപ്പ് രൂപം കൊണ്ടതെന്ന് കരുതപ്പെടുന്നത്.വാഗ്നർ ഗ്രൂപ്പിലേറെയും പരിചയ സമ്പന്നരായ മുൻ സൈനികരാണ്.റഷ്യയിൽ കൂലിപ്പട നിയമവിരുദ്ധമാണെങ്കിലും, വാഗ്‌നർ ഗ്രൂപ്പ് 2022 ൽ ഒരു കമ്പനിയായി രജിസ്റ്റർ ചെയ്യുകയും സെന്റ് പീറ്റേഴ്‌സ്ബർഗിൽ ഒരു പുതിയ ആസ്ഥാനം തുറക്കുകയും ചെയ്തു. ദേശസ്‌നേഹ സംഘടന എന്ന നിലയിലാണ് റഷ്യയിൽ ഈ സംഘങ്ങൾ അറിയപ്പെടുന്നത്.
Discussion about this post