സ്റ്റാൻഫോർഡ് സ്കൂൾ ഓഫ് മെഡിസിന്റെ ഏറ്റവും പുതിയ ഗവേഷണം വെളിപ്പെടുത്തുന്നത് ഓട്ടിസം ബാധിച്ച കുട്ടികൾ ഓർമ്മശക്തിയുടെ കാര്യത്തിലും നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നാണ്. വ്യത്യസ്തരായ ആളുകളുടെ മുഖങ്ങൾ ഓർത്തുവയ്ക്കുന്നതിനുള്ള ബുദ്ധിമുട്ടിനോടൊപ്പം മറ്റ് തരത്തിലുള്ള വിവരങ്ങളും ഇവർക്ക് വളരെ പരിമിതമായി മാത്രമേ ഓർത്തുവയ്ക്കാൻ സാധ്യമാകുന്നുള്ളൂ. അസുഖബാധിതരായ കുട്ടികളുടെ തലച്ചോറിലെ പാറ്റേണുകളിൽ ഈ കുറവുകൾ വ്യക്തമാകുന്നുണ്ടെന്നും പഠനം കണ്ടെത്തി.
സ്റ്റാൻഫോർഡ് സ്കൂൾ ഓഫ് മെഡിസിന്റെ ബയോളജിക്കൽ സൈക്യാട്രിയിലെ കോഗ്നിറ്റീവ് ന്യൂറോ സയൻസ് ആൻഡ് ന്യൂറോ ഇമേജിംഗിൽ ആണ് ഈ ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓട്ടിസം ബാധിച്ച കുട്ടികളിൽ ഓർമ്മശക്തി എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ കുറിച്ചുള്ള ഒരു സംവാദം വ്യക്തമാക്കുന്നത് ഒരു കൂട്ടമായുള്ള ഓർമ്മകളെ കൃത്യമായി രൂപപ്പെടുത്തിയെടുക്കാനുള്ള കഴിവ് ഈ കുട്ടികളുടെ മെമ്മറിയ്ക്ക് ഇല്ല എന്നാണ്. എന്നാൽ ഓട്ടിസം ബാധിച്ച പല കുട്ടികളിലെയും തലച്ചോറിലെ വികസന വൈകല്യം വ്യത്യസ്തമാണ്. ഓട്ടിസം ബാധിതർ ആണെങ്കിലും ഉയർന്ന പ്രവർത്തനക്ഷമതയുള്ള പല കുട്ടികളും മറ്റ് സാധാരണ കുട്ടികളോടൊപ്പം സ്കൂളിൽ പോകുകയും പഠനങ്ങൾ നടത്തുകയും അവ ഓർമ്മിച്ചെടുക്കുകയും ചെയ്യുന്നുണ്ട്.
സൈക്യാട്രിയിലും ബിഹേവിയറൽ സയൻസിലും പിഎച്ച്ഡി ഉള്ള പോസ്റ്റ്ഡോക്ടറൽ സ്‌കോളർ ആയ ജിൻ ലിയു ആണ് ഈ ഗവേഷണ റിപ്പോർട്ടിന്റെ പ്രധാന രചയിതാവ്. ഓട്ടിസം ബാധിതരായ കുട്ടികളിൽ ഓർമ്മകളിൽ ഉണ്ടാകുന്ന ഈ കുറവ് ആണ് അവരെ സാമൂഹികമായി ഉൾവലിയുന്നവരാക്കി മാറ്റുന്നത് എന്നും , വിശ്വസനീയമായ ഓർമ്മകൾ ഇല്ലാതെ ഒരാൾക്ക് സാമൂഹികമായി ഇടപെടാൻ കഴിയില്ല എന്നും മുതിർന്ന ഗവേഷണ രചയിതാവും സൈക്യാട്രി ആൻഡ് ബിഹേവിയറൽ സയൻസസ് പ്രൊഫസറുമായ വിനോദ് മേനോനും വ്യക്തമാക്കി.
36 കുട്ടികളിൽ ഒരാളെ ബാധിക്കുന്ന ഓട്ടിസത്തിൽ സാമൂഹിക വൈകല്യങ്ങളും നിയന്ത്രിതമായതും എന്നാൽ ആവർത്തിച്ചുള്ളതുമായ സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നത് സാധാരണമാണ് . ഒരു വിശാലമായ സ്പെക്ട്രത്തിലാണ് ഈ അവസ്ഥ നിലനിൽക്കുന്നത്. ഏറ്റവും ഗുരുതരമായി ബാധിച്ച ചിലർക്ക് സംസാരിക്കാനോ സ്വന്തം കാര്യങ്ങൾ നോക്കാനോ പോലും കഴിയില്ല. എന്നാൽ ഈ സ്പെക്ട്രത്തിന്റെ മറ്റൊരു വശം ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഓട്ടിസം ആണ്. ഇത്തരം വ്യക്തികൾക്ക് സാധാരണയോ പലപ്പോഴും അതിലും ഉയർന്നതോ ആയ IQ ഉണ്ടായിരിക്കും. ഇത്തരം വ്യക്തികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനും വിവിധ ജോലികൾ ചെയ്യാനും ഒക്കെ സാധ്യമാകുകയും ചെയ്യും.
സ്റ്റാൻഫോർഡ് സ്കൂൾ ഓഫ് മെഡിസിന്റെ പുതിയ പഠനത്തിൽ 8 മുതൽ 12 വയസ്സ് വരെ പ്രായമുള്ള ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഓട്ടിസവും സാധാരണ IQ ഉം ഉള്ള 25 കുട്ടികളും, സമാനമായ പ്രായവും ഐക്യുവും ഉള്ള 29 കുട്ടികളുടെ ഗ്രൂപ്പും ഉൾപ്പെടുന്നുണ്ടായിരുന്നു. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് മുഖം ഓർത്തെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് നേരത്തെ തന്നെ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികളിൽ വ്യത്യസ്തമായ മസ്തിഷ്ക ശൃംഖലകൾ വിവിധ തരത്തിലുള്ള ഓർമ്മശക്തി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായി അവരുടെ മസ്തിഷ്ക സ്കാനുകൾ കാണിച്ചതായി പുതിയ പഠനറിപ്പോർട്ട് വെളിപ്പെടുത്തുന്നു.
Discussion about this post