ലഡാക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകനേതാവാകാൻ ജന്മമെടുത്ത യുഗപുരുഷനെന്ന് ബുദ്ധ സന്യാസിമാർ. സമാധാനത്തിന് വേണ്ടിയുള്ള മോദിയുടെ ആഹ്വാനത്തിന് കാതോർക്കുകയാണ് ഇന്ന് ലോകം. ഇന്ത്യയിൽ ബൗദ്ധ കേന്ദ്രങ്ങളുടെ വികസനത്തിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുവെന്നും ലഡാക്കിൽ നടന്ന സമാധാന യാത്രയിൽ പങ്കെടുത്ത സന്യാസിമാർ പറഞ്ഞു.
സമസ്ത ലോകവും വെല്ലുവിളി നേരിടുന്ന കാലഘട്ടമാണ് ഇത്. ഈ ലോകം ഇന്ന് സമാധാനവും സാഹോദര്യവും മൈത്രിയും ഊട്ടിയുറപ്പിക്കാൻ ശേഷിയുള്ള ഒരു നേതാവിനെ തേടുകയാണ്. കർമ്മയോഗിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആ ലോക നേതാവെന്ന് മഹാബോധി അന്താരാഷ്ട്ര ധ്യാന കേന്ദ്ര സ്ഥാപകൻ ഭിക്കു സംഘസേന പറഞ്ഞു. വസുധൈവ കുടുംബകം എന്ന സന്ദേശം പിറന്ന ഭാരതം ഇന്ന് അതിന്റെ നേതാവിനെ കണ്ടെത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്ത് ധാരാളം ധനകാര്യ നേതാക്കളും സാങ്കേതിക നേതാക്കളും രാഷ്ട്രീയ നേതാക്കളും ഒക്കെയുണ്ട്. എന്നാൽ അവർക്കാർക്കും ഇല്ലാത്ത ആത്മീയ ബോധം നരേന്ദ്ര മോദിക്ക് ഉണ്ട്. പുരുഷാർത്ഥങ്ങളായ കാരുണ്യവും അഹിംസയും യോഗയും ധ്യാനവും മൈത്രിയും തേജസ്സും ഒപ്പം നേതൃപാടവവും മോദിയിൽ സംഗമിക്കുന്നു. പ്രതിസന്ധിയുടെ എല്ലാ യുഗങ്ങളിലും ഭാരതം ലോകത്തിന് അതിന്റെ നേതാവിനെ സമ്മാനിച്ചിട്ടുണ്ട്. വർത്തമാനകാല ലോകത്തിന് ഭാരതം സംഭാവന ചെയ്ത യുഗപ്രഭാവനായ കർമ്മയോഗിയാണ് മോദിയെന്നും വാർത്താ ഏജൻസിയോട് ഭിക്കു സംഘസേന പറഞ്ഞു.
ബുദ്ധമതം ഉൾപ്പെടെ നിരവധി ആത്മീയധാരകളുടെ ജന്മദേശമാണ് ഇന്ത്യ. ഭാരതീയമായ എല്ലാ മതങ്ങൾക്കും ഒരു പൊതുധാരയുണ്ട്. ആ മർമ്മം ഉൾക്കൊണ്ട് അനുവർത്തിക്കുന്നത് കൊണ്ടാണ്, താൻ പോകുന്ന വഴിയേ ലോകത്തിന്റെ കണ്ണുകളേയും കാതുകളേയും നയിക്കാൻ നരേന്ദ്ര മോദിക്ക് സാധിക്കുന്നതെന്ന് ആഗോള ബൗദ്ധ സഖ്യം അദ്ധ്യക്ഷൻ ഡോക്ടർ പൂർണചായ് പലവാധമ്മോ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ലഡാക്കിൽ വലിയ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് യാത്രയിൽ പങ്കെടുത്ത പ്രദേശവാസികൾ പറഞ്ഞു. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയ ശേഷം ഇവിടെ ഒരു കേന്ദ്ര സർവകലാശാലയും കോളേജും നിരവധി സ്കൂളുകളും വന്നു. ലഡാക്കിലെ വിദ്യാഭ്യാസ നിലവാരം ഉയരുകയാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
ലോക സമാധാനത്തിന് ആഹ്വാനം നൽകിക്കൊണ്ട് ജൂൺ 12ന് ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ നിന്നും ആരംഭിച്ച ധർമ്മ പദയാത്രയാണ് കഴിഞ്ഞ ദിവസം ലഡാക്കിൽ സമാപിച്ചത്. അന്താരാഷ്ട്ര ധ്യാന കേന്ദ്രം സംഘടിപ്പിച്ച യാത്രയിൽ ഇന്ത്യൻ ന്യൂനപക്ഷ ഫൗണ്ടേഷനും പങ്കാളികളായി. തായ്ലൻഡിൽ നിന്നുള്ള ബുദ്ധ ഭിക്ഷുക്കൾ നേതൃത്വം നൽകിയ യാത്ര, സമുദ്ര നിരപ്പിൽ നിന്നും 11,841 അടി ഉയരെയുള്ള ലേ ലഡാക്കിലെ ശാന്തി സ്തൂപത്തിൽ സമാപിച്ചു.
Discussion about this post